
പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പുതിയ സെലക്ഷന് കമ്മിറ്റി തലവന്‍ എഡ് സ്മിത്തിന്റെ കീഴിലുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ജോസ് ബട്ലര് തിരികെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ എത്തിയെന്നതാണ് ഏറെ ശ്രദ്ധേയമായ വാര്‍ത്ത. ഐപിഎലില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജോസ് ബട്ലറുടെ സേവനം ഇംഗ്ലണ്ട് ഉപയോഗിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഐപിഎലില്‍ 95, 94, 81 എന്നിങ്ങനെ ഉയര്‍ന്ന സ്കോറുള്‍പ്പെടെ 5 അര്‍ദ്ധ ശതകങ്ങളാണ് താരം നേടിയിട്ടുള്ളത്. എന്നാല്‍ ലാങ്കഷയറിനു വേണ്ടി കഴിഞ്ഞ സീസണില്‍ കളിച്ച ശേഷം ബട്ലര് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഇംഗ്ലണ്ടിലെ ടെലിഗ്രാഫ് പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഐപിഎല്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍ മേയ് 17നകം തിരികെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്ന് അറിയുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial