ജോണ്ടി റോഡ്‌സ് സ്വീഡൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ

മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് സ്വീഡൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും. സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷനാണ് ജോണ്ടി റോഡ്സിനെ പരിശീലകനായി നിയമിച്ച കാര്യം പ്രഖ്യാപിച്ചത്. താൻ കുടുംബത്തോടൊപ്പം സ്വീഡനിലേക്ക്‌ താമസം മാറുമെന്ന് റോഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. സ്വീഡനിൽ പരിശീലകനാവുള്ള അവസരം ലഭിച്ചതിൽ താൻ വളരെ സന്തോഷവാനാണെന്നും റോഡ്‌സ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വീഡനിൽ ക്രിക്കറ്റ് പ്രചാരത്തിന് ഉണ്ടായ വർദ്ധനവാണ് ജോണ്ടി റോഡ്സിനെപോലെയൊരു താരത്തെ സ്വീഡനിൽ എത്തിക്കാൻ അവിടെത്തെ ക്രിക്കറ്റ് ഫെഡറേഷൻ തീരുമാനിച്ചത്.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിങ് പരിശീലകനായി പ്രവർത്തിക്കുകയാണ് ജോണ്ടി റോഡ്‌സ്. ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിന് ശേഷമാവും ജോണ്ടി റോഡ്‌സ് സ്വീഡനിലേക്ക്‌ പോവുക. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 52 ടെസ്റ്റ് മത്സരങ്ങളും 245 ഏകദിന മത്സരങ്ങളും കളിച്ച ജോണ്ടി റോഡ്‌സ് സ്വീഡനിലെ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുകയെന്ന ജോലിയാവും മുൻപിൽ ഉണ്ടാവുക.

Exit mobile version