ജോഫ്രയ്ക്ക് വീണ്ടും പരിക്ക്, ന്യൂസിലാണ്ട് പരമ്പരയ്ക്കുണ്ടാകില്ല

ഇംഗ്ലണ്ടിന് തിരിച്ചടിയായി ജോഫ്ര ആര്‍ച്ചര്‍ക്ക് വീണ്ടും പരിക്ക്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസ്സെക്സിന് വേണ്ടി കെന്റിനെതിരെ കളിക്കുമ്പോളാണ് താരത്തിന് പരിക്കേറ്റത്. ഐപിഎല്‍ കളിച്ച താരങ്ങള്‍ക്ക് ന്യൂസിലാണ്ട് പരമ്പരയ്ക്ക് വിശ്രമം നല്‍കുമെന്ന് ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ജോഫ്രയെ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതിയത്. പരിക്ക് മൂലം ഐപിഎലില്‍ നിന്ന് വിട്ട് നിന്ന ജോഫ്ര ഈ അടുത്താണ് വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

ലോര്‍ഡ്സിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കാനിരിക്കുന്ന ടെസ്റ്റുകള്‍ക്കായുള്ള ടീമിനെ ഇംഗ്ലണ്ട് നാളെയാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. സസ്സെക്സിന് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ താരം വെറും അഞ്ച് ഓവര്‍ മാത്രമാണ് എറിഞ്ഞത്. മത്സരത്തിന്റെ അവസാന രണ്ട് ദിവസം താരം ഒരു ഓവര്‍ പോലും എറിഞ്ഞതുമില്ല.

Exit mobile version