ഇരട്ട ശതകത്തിനരികെ ജോ റൂട്ട്, ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്

- Advertisement -

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആദ്യം പതറിയെങ്കിലും രണ്ടും മൂന്നും സെഷനുകളില്‍ ശക്തമായ ബാറ്റിംഗ് മറുപടി നല്‍കി ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 357/5 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 184 റണ്‍സുമായി നായകന്‍ ജോ റൂട്ട്, 61 റണ്‍സുമായി മോയിന്‍ അലി എന്നിവരാണ് ക്രീസില്‍. 56 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് ഇംഗ്ലണ്ടിനു ഏറെ നിര്‍ണ്ണായകമായിരുന്നു. നായകനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ശതകം നേടാന്‍ ജോ റൂട്ടിനായി.

76/4 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ ജോ റൂട്ട്-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്. വെറോണ്‍ ഫിലാന്‍ഡറിനു മുന്നില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കീഴടങ്ങിയപ്പോള്‍ സ്കോര്‍ 20 കടക്കുന്നതിനു മുമ്പ് അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്സും മടങ്ങി. ഏറെ വൈകാതെ ഗാരി ബാലന്‍സിനെ(20) മോണേ മോര്‍ക്കല്‍ മടക്കി അയയ്ച്ചു. ജോണി ബാരിസ്റ്റോയെ ഫിലാന്‍ഡര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 76.

 

114 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഇംഗ്ലണ്ടിനെ തിരികെ എത്തിക്കുന്നത്. 56 റണ്‍സ് നേടിയ സ്റ്റോക്സിന്റെ വിക്കറ്റ് കാഗിസോ റബാഡയാണ് സ്വന്തമാക്കിയത്. എന്നാല്‍ മോയിന്‍ അലിയുടെ മികവാര്‍ന്ന ബാറ്റിംഗ് ജോ റൂട്ടിനു ആവശ്യമായ പിന്തുണ നല്‍കിയപ്പോള്‍ റൂട്ട് തന്റെ ശതകം നേടുകയും ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement