ഇംഗ്ലണ്ടിനു നാല് വിക്കറ്റ് ജയം, പരമ്പര

- Advertisement -

ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനു വെസ്റ്റീന്‍ഡീസിനെതിരെ 4 വിക്കറ്റ് ജയം. ഇംഗ്ലണ്ട് മധ്യനിര പൂര്‍ണ്ണമായും പരാജയപ്പെട്ടപ്പോള്‍ ജോ റൂട്ട്-ക്രിസ് വോക്സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനു തുണയായത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 124/6 എന്ന നിലയിലായിരുന്നു. അവിടുന്ന് അപരാജിത 102 റണ്‍സ് കൂട്ടുകട്ടാണ് ജോ റൂട്ട്-ക്രിസ് വോക്സ് കൂട്ടുകെട്ട് നേടിയത്. ജോ റൂട്ട് 90 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ക്രിസ് വോക്സ് 68 റണ്‍സുമായി മികച്ച പിന്തുണയുമായി ക്രീസില്‍ നിന്നു. ജോ റൂട്ട് ആണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തില്‍ ടോസ് വിജയിച്ച ആതിഥേയര്‍ ബാറ്റിംഗ് തിരഞ്ഞെടത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെസ്റ്റിന്‍ഡീസ് മുന്‍ നിര തകരുന്ന കാഴ്ചയാണ് ആന്റിഗ്വയില്‍ കാണാനായത്. 46/3 എന്ന നിലയിലായ വെസ്റ്റിന്‍ഡീസിനെ ക്രെയിഗ് ബ്രാത്വൈറ്റ്(42), ജേസണ്‍ മുഹമ്മദ്(50), ജോനാഥന്‍ കാര്‍ട്ടര്‍(39) എന്നിവരുടെ ഇന്നിംഗ്സുകളാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. 47.5 ഓവറില്‍ വെസ്റ്റിന്‍ഡീസ് 225 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കാര്‍ലോസ് ബ്രാത്വൈറ്റ് 23 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 3 വിക്കറ്റ് നേടിയപ്പോള്‍ സ്റ്റീവന്‍ ഫിന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റും ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു രണ്ടാം പന്തില്‍ തന്നെ സാം ബില്ലിംഗ്സിനെ നഷ്ടമായെങ്കിലും ജേസണ്‍ റോയ് – ജോ റൂട്ട് കൂട്ടുകെട്ട് മികച്ച നിലയിലേക്ക് സ്കോര്‍ കൊണ്ടെത്തിയ്ക്കുകയായിരുന്നു. റോയ്(52) പുറത്തായതോടു കൂടി ഇംഗ്ലണ്ട് മധ്യനിര തകരുന്ന കാഴ്ചയാണ് കണ്ടത്. 87/1 എന്ന നിലയില്‍ നിന്ന് 124/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനു താങ്ങായത് റൂട്ടും കൂട്ടിനായെത്തിയ ക്രിസ് വോക്സുമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനായി ആഷ്ലി നഴ്സ് മൂന്ന് വിക്കറ്റും ദേവേന്ദ്ര ബിഷൂ രണ്ട് വിക്കറ്റും നേടി. ഷാനണ്‍ ഗബ്രിയേലിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.

Advertisement