ഡിവില്ലിയേഴ്സിനു ഒപ്പമെത്തി ജോ റൂട്ട്

ലീഡ്സില്‍ ആദ്യ ദിവസം ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ന്നപ്പോള്‍ പിടിച്ചു നിന്നത് രണ്ട് പേര്‍ ജോ റൂട്ടും, ബെന്‍ സ്റ്റോക്സും. അതില്‍ തന്നെ ഇംഗ്ലണ്ട് നായകന്‍ മറ്റൊരു ചരിത്ര നേട്ടത്തിനു അര്‍ഹനാവുകയായിരുന്നു. തുടര്‍ച്ചയായ 12 ടെസ്റ്റ് മത്സരങ്ങളില്‍ അര്‍ദ്ധ ശതകം നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിനാണ് ഇന്ന് ജോ റൂട്ട് അര്‍ഹനായത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനൊപ്പമാണ് ഇപ്പോള്‍ ജോ റൂട്ടിന്റെ സ്ഥാനം.

കഴിഞ്ഞ ഒക്ടോബറില്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിംഗ്സിലാണ് ജോ റൂട്ട് ഈ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. അന്ന് ഇംഗ്ലണ്ട് തോറ്റുവെങ്കിലും 56 റണ്‍സ് ജോ റൂട്ട് നേടിയിരുന്നു. തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ 4-0 നു ഇംഗ്ലണ്ട് തോറ്റിരുന്നുവെങ്കിലും ഒരു ശതകവും നാല് അര്‍ദ്ധ ശതകങ്ങളും ജോ റൂട്ട് നേടി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോര്‍ഡ്സില്‍ ശതകം, ട്രെന്റ് ബ്രിഡ്ജ്, ഓവല്‍, ഓള്‍ഡ് ട്രാഫോര്‍ഡ് എന്നിവടങ്ങളില്‍ അര്‍ദ്ധ ശതകങ്ങളും റൂട്ട് സ്വന്തമാക്കി. കഴിഞ്ഞാഴ്ച എഡ്ജ്ബാസ്റ്റണില്‍ വെസ്റ്റിന്‍ഡീസിനെതിരെ ശതകം നേടിയ റൂട്ട് ഇന്നത്തെ അര്‍ദ്ധ ശതകത്തോടു കൂടി എബി ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡിനു ഒപ്പമെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിന്ധു സെമിയില്‍, മെഡല്‍ ഉറപ്പ്
Next articleമുംബൈയുടെ തിരിച്ചുവരവ്, പക്ഷേ വിജയമില്ല