2021ല്‍ ഇംഗ്ലണ്ട് റൊട്ടേഷന് മുന്‍ഗണന കൊടുക്കണം – ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ വരുന്ന 2021ലെ അന്താരാഷ്ട്ര സീസണില്‍ ടീം 17 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുവാനിരിക്കുന്നത്. ഇത് കൂടാതെ ടി20 ലോകകപ്പും മറ്റു ഏകദിന മത്സരങ്ങളും പരിഗണിക്കുമ്പോള്‍ റൊട്ടേഷന്‍ പോളിസി മികവാര്‍ന്ന രീതിയില്‍ ഉപയോഗിക്കുക എന്നതാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് ചെയ്യേണ്ടതെന്ന് ക്യാപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കി.

ശ്രീലങ്കയോട് രണ്ട് ടെസ്റ്റും ഇന്ത്യയ്ക്കെതിരെ നാല് ടെസ്റ്റുമാണ് ഇംഗ്ലണ്ട് എട്ടാഴ്ചയ്ക്കുള്ളില്‍ കളിക്കുക. ഈ മത്സരങ്ങളെല്ലാം ഏഷ്യയിലാണെന്നുള്ളത് കൂടുതല്‍ ശ്രമകരമാക്കുകയാണ് കാര്യങ്ങള്‍. ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിയ്ക്കുന്ന താരങ്ങള്‍ക്കാവും ഇത് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക.

ഇത് കൂടാതെ ബയോ ബബിള്‍ എന്ന പുതിയ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ശാരീരികമായി മാത്രമല്ല മാനസികമായും താരങ്ങള്‍ക്ക് പ്രയാസകരമായ സാഹചര്യമാണ് മുന്നോട്ടുള്ളത്. ഇതിനെ അതിജീവിക്കുവാന്‍ ഇംഗ്ലണ്ട് റൊട്ടേഷന് മുന്‍ഗണന കൊടുക്കണമെന്ന് ജോ റൂട്ട് വ്യക്തമാക്കി.

ഇംഗ്ലണ്ട് മാനേജ്മെന്റും ഓരോ പരമ്പരയ്ക്ക് പല താരങ്ങള്‍ക്കും വിശ്രമം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സീസണ്‍ മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോകുന്നതിലെ അവിഭാജ്യ ഘടകം ആയിരിക്കും റൊട്ടേഷന്‍ എന്ന് ജോ റൂട്ട് പറഞ്ഞു. മാനസികമായ പിന്തുണയ്ക്കൊപ്പം താരങ്ങളുടെ ശാരീരിക അവസ്ഥയും പരിഗണിക്കേണ്ടതുണ്ടെന്ന് ജോ റൂട്ട് സൂചിപ്പിച്ചു.

Exit mobile version