ഇംഗ്ലണ്ടിനു തലവേദനയായി വീണ്ടും പരിക്ക്

- Advertisement -

ആഷസ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ഇംഗ്ലണ്ടിനു തലവേദനയായി പരിക്ക്. സ്റ്റീവന്‍ ഫിന്‍ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനു തൊട്ടുപിന്നാലെ ജേക്ക് ബാളിനു പരിക്കേറ്റതായാണ് വാര്‍ത്ത. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് ജേക്ക് ബാളിനു കാല്‍പാദത്തിനു പരിക്കേറ്റത്. തന്റെ സ്പെല്ലിലെ നാലാം ഓവര്‍ എറിയുന്നതിനിടെ വഴുതി വീണ ജേക്കിന്റെ കാല്പാദം തിരിഞ്ഞതാണ് പരിക്കിനു കാരണം.

അടുത്ത ദിവസങ്ങളില്‍ പരിക്കിന്റെ കൂടുതല്‍ പരിശോധന ഇംഗ്ലണ്ട് മെഡിക്കല്‍ ടീം അവലോകനം ചെയ്യും. മത്സരത്തിന്റെ രണ്ടാം ദിവസം ഇനി ജേക്ക് ബാള്‍ കളത്തിലിറങ്ങില്ല എന്നും ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. വേണ്ടത്ര വിശ്രമം പരിക്ക് ഭേദമാകാന്‍ സഹായിക്കുമെന്നാണ് ടീമിന്റെ ഇപ്പോളത്തെ വിലയിരുത്തല്‍. നേരത്തെ കഴിഞ്ഞാഴ്ച സ്റ്റീവന്‍ ഫിന്‍ പരിക്കേറ്റതിനാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പകരം ടോം കുറനെയാണ് ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയത്.

ജേക്ക് ബാളിന്റെ പരിക്ക് ഗുരുതരമാണെങ്കില്‍ ലിയാം പ്ലങ്കറ്റിനെയാവും ഇംഗ്ലണ്ട് ടീമിലെത്തിക്കുക. ബെന്‍ സ്റ്റോക്സ് ലഭ്യമാണെങ്കിലും താരത്തിന്റെ കാര്യത്തില്‍ ബ്രിസ്റ്റോള്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് കടുത്ത നിലപാടുകള്‍ തുടരുകയാണെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement