ഫിനിഷർ ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചുവരവിൽ മൂന്നുമത്സരങ്ങൾ കളിച്ചു. മൂന്നെണ്ണവും അവസാന ഓവർ വരെ ആവേശം നിലനിർത്തിയപ്പോൾ ആരാധകർക്ക് ഇരട്ടിസന്തോഷം. പക്ഷെ മൂന്നുമത്സരങ്ങളും നോക്കിയാൽ ഒരു കാര്യം ശ്രദ്ധേയമാണ്. ജഡേജയുടെ ബാറ്റിംഗ് സ്ഥാനത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. കുറച്ചുകൂടെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഡ്വെയ്ൻ ബ്രാവോയ്ക്ക് മുന്നിലാണ് എല്ലാ കളിയിലും ജഡേജ ബാറ്റ് ചെയ്തത്. ആദ്യത്തെ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അദ്ദേഹം ഇറങ്ങുമ്പോൾ, ടീം സ്കോർ 51/4 ആയിരുന്നു.

165 ചേസ് ചെയ്യേണ്ടിയിരുന്നപ്പോൾ ആയിരുന്നു അത്. 13 പന്തുകളിൽ നിന്നും 12 റൺ മാത്രം നേടി അദ്ദേഹം പുറത്തായി. ഒടുവിൽ ബ്രാവോ മത്സരം ജയിപ്പിച്ചു. രണ്ടാം മത്സരത്തിൽ 202 ചേസ് ചെയ്യുമ്പോൾ ആണ് സാം ബില്ലിങ്‌സിനൊപ്പം ധോണിയുടെ വിക്കറ്റിന് ശേഷം ക്രീസിൽ വരുന്നത്. ആ മത്സരവും അവസാന ഓവർ വരെ പോയപ്പോൾ ഒരു പന്ത് ബാക്കി നിൽക്കെ ജഡേജയുടെ തകർപ്പൻ സിക്സിൽ ചെന്നൈയ്ക്ക് ജയം. ബ്രാവോയ്ക്ക് സ്ട്രൈക്ക് കൈമാറാത്തത് ഫാൻസിന് അന്നും പിടിച്ചില്ല. 7 പന്തിൽ നിന്നും ആ അവസാന സിക്സ് ഉൾപ്പടെ 11 റൺ ആണ് ആ മത്സരത്തിൽ ജഡേജ നേടിയത്. ഇന്നലെ നടന്ന മത്സരവും വ്യത്യസ്തമല്ല. രണ്ടു ബൗണ്ടറി ഒഴിച്ചു കാര്യമായ സംഭാവന ബാറ്റിങ്ങിൽ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ ചെന്നൈ 4 റൺ അകലെ വിജയായതിൽ നിന്നും വീണു. ബ്രാവോ ജഡേജയുടെ സ്ഥാനത്ത് ഇറങ്ങിയിരുന്നെങ്കിൽ ജയം ചിലപ്പോൾ നേടാൻ കഴിഞ്ഞേനെ എന്ന് കരുതുന്നവർ ഉണ്ട്.


ഇത് ആദ്യത്തെ തവണ അല്ല. ധോണിയുടെ തീരുമാനങ്ങൾ പലപ്പോഴും ഫാൻസിന്റെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. അപ്പോഴാണ് ധോണി പണ്ട് പറഞ്ഞിട്ടുള്ള ചില വാചകങ്ങൾ പ്രസക്തമാവുന്നത്. ഫലത്തേക്കാൾ ഉപരിയായി ദീർഘകാല അടിസ്ഥാനത്തിൽ ആണ് ധോണി തീരുമാനങ്ങൾ എടുക്കാൻ നോക്കുന്നത്. പ്രോസസ്സ് എന്ന വാക്ക് ധോണിയുടെ ഇന്റർവ്യൂകളിൽ കേട്ടിട്ടുണ്ട്. അത് തന്നെയാണ് പണ്ട് റൊട്ടെഷൻ പോളിസി നടപ്പിലാക്കിയപ്പോഴും ധോണി പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. അന്ന് പറഞ്ഞ ഒരു കാര്യമാണ്, നല്ലൊരു ബാറ്റ്സ്മാനോ ബൗളെർക്കോ, എന്ന് വേണമെങ്കിലും പരാജയം സംഭവിക്കാം, എന്നാൽ നല്ലൊരു ഫീൽഡർ എല്ലാ കളിയിലും റൺസ് രക്ഷിക്കുമെന്ന്. യാഥാർഥ്യത്തിൽ അന്ന് തുടങ്ങിയ ഈ മാറ്റം ഇന്ത്യൻ ടീമിന് ശരിക്കും ഗുണം ചെയ്തു. ഇപ്പൊഴുള്ള ഇന്ത്യൻ ടീമിൽ മോശം ഫീൽഡർ എന്ന് പറയാൻ ഒന്നോ രണ്ടോ പേരുണ്ടെങ്കിലായി. ഫിറ്റ്നസ് ഇപ്പൊ ഇന്ത്യൻ ടീമിന്റെ സെലെക്ഷനിൽ പോലും പ്രാധാന്യം ഉള്ള ഒന്നാണ്.

ബ്രാവോയ്ക്ക് മുകളിൽ എന്ത് കൊണ്ട് ജഡേജയെ ഇറക്കുന്നില്ല എന്ന ചോദ്യം നേരിട്ടപ്പോൾ ധോണിയുടെ മറുപടി വളരെ വ്യക്തത ഉള്ളതാണ്.  ഈ തീരുമാനം ഇത്തിരി കഷ്ടമാണ് എടുക്കാൻ. ഫ്ലെമിംഗ് ഡഗൗട്ടിൽ ഉണ്ട്. അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടത്. ഞങ്ങൾക്ക് ജഡേജയുടെ മേൽ നല്ല വിശ്വാസമുണ്ട്. ഒരു ലെഫ്റ്റ് ഹാൻഡർക്ക് നേരെ സ്ഥിരതയോടെ പന്തെറിയാൻ ഇത്തിരി കഠിനമാണ്. പോരാത്തതിന് ഇപ്പോൾ ഞങ്ങൾക്ക് ജഡേജയ്ക്ക് അവസരം കൊടുക്കാനും കഴിയും. ജഡേജയ്ക്ക് അതിനുകഴിയുന്നില്ലെങ്കിൽ ശേഷം വരുന്ന ബ്രാവോയ്ക്ക് അത് ചെയ്തെടുക്കാവുന്നതേ ഉള്ളു. റെയ്ന മാത്രമാണ് മെയിൻ ബാറ്റ്സ്മാൻമാരിൽ ഇടംകൈയൻ ആയിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ലെഫ്റ്റ് റൈറ്റ് കോൺമ്പിനേഷൻ നിലനിർത്താൻ കൂടെ വേണ്ടി, ജഡേജ ഫ്‌ളോട്ടർ ആയിട്ട് കളിയ്ക്കാൻ കഴിവുള്ള ആളാണ്. ഇതുവരെ ഇങ്ങനുള്ള അർഹിക്കുന്ന അവസരങ്ങൾ അധികം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അത് ഇനിയുള്ള മത്സരങ്ങളിലും തുടരുന്നതാണ്.

ജഡേജയെ ദീർഘകാലാടിസ്ഥാനത്തിൽ ഒരു ഫിനിഷർ ആയിട്ട് ധോണി കണക്കാക്കുന്നു എന്ന് വേണം കരുതാൻ. ഒരു കളിക്കാരനിൽ വിശ്വാസം അർപ്പിക്കുകയും അവസരങ്ങൾ നൽകുകയും ചെയ്യുമ്പോൾ ആണല്ലോ, കളിമെച്ചപ്പെടുന്നത്, അങ്ങനെ ധോണിയുടെ ലോങ്ങ്-റൺ തീരുമാനങ്ങളിലേക്ക് ഒന്നുകൂടി. ധോണിയുടെ ബാറ്റിംഗ് ആയിരുന്നു ഇന്നലത്തെ ഹൈലൈറ്റ് എങ്കിലും ഇങ്ങനുള്ള ചെറിയ തീരുമാനങ്ങളിൽ കൂടി ധോണി ആരാധകരെ കുഴപ്പിക്കുന്നതിൽ ഇപ്പഴും താൻ പുറകിൽ അല്ലെന്ന് വീണ്ടും തെളിയിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചൈനീസ് ഗ്രാൻഡ് പ്രി : ഇത് റിക്കിയാർഡോ മാസ്റ്റർക്ലാസ്സ്
Next articleപാക് ടീം തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് റമീസ് രാജ