ബിപിഎല്‍ ഫൈനലില്‍ ശതകം, 18 സിക്സുകള്‍, റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗെയില്‍

റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി വീണ്ടും ക്രിസ്റ്റഫര്‍ ഹെന്‍റി ഗെയില്‍. ഇന്ന് നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ക്രിസ് ഗെയില്‍ നേടിയ ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത രംഗ്പൂര്‍ റൈഡേഴ്സ് 20 ഓവറില്‍ 206 റണ്‍സാണ് നേടിയത്. ജോണ്‍സണ്‍ ചാള്‍സ് നേരത്തെ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ക്രിസ് ഗെയില്‍-ബ്രണ്ടന്‍ മക്കല്ലം കൂട്ടുകെട്ട് ധാക്ക ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. ഗെയില്‍ ആയിരുന്നു കൂടുതല്‍ അപകടകാരി.

തന്റെ 20ാം ടി20 ശതകം നേടിയ ക്രിസ് ഗെയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ശതകം നേടുന്ന ആദ്യ താരം കൂടിയായി. മത്സരത്തിനിടെ 18 സിക്സുകള്‍ നേടിയ ക്രിസ് ഗെയില്‍ ബിപിഎലില്‍ 100 സിക്സുകള്‍ എന്ന റെക്കോര്‍ഡും ഗെയില്‍ സ്വന്തമാക്കി. 57 പന്തില്‍ നിന്ന് തന്റെ ശതകം തികച്ച ഗെയില്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 146 റണ്‍സാണ് നേടിയത്. 69 പന്തുകള്‍ നേരിട്ട ഗെയിലിന്റെ ഇന്നിംഗ്സില്‍ 5 ബൗണ്ടറിയും 18 സിക്സും ഉള്‍പ്പെട്ടു. ബ്രണ്ടന്‍ മക്കല്ലം 43 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു.

ഗെയിലിന്റെ വ്യക്തിഗത സ്കോര്‍ 22ല്‍ നില്‍ക്കെ ഷാകിബ് ഗെയിലിന്റെ ക്യാച് വിട്ടു കളഞ്ഞിരുന്നു. ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ് നേടിയത് ഷാകിബ് അല്‍ ഹസന്‍ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial