
അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈവശമിരിക്കെ വിജയം നേടുവാന്‍ 7 റണ്‍സ് നേടേണ്ടിയിരുന്ന അയര്‍ലണ്ടിനു അത് സാധിക്കാതെ വന്നപ്പോള്‍ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പോയിന്റ് പങ്കുവെച്ച് സ്കോട്ലാന്ഡും അയര്‍ലണ്ടും. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന്ഡ് 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ടിന്റെ ഇന്നിംഗ്സും 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 185ല്‍ അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന്ഡിനു വേണ്ടി ജോര്‍ജ്ജ് മുന്‍സേ(46), കൈല്‍ കോയെറ്റ്സര്‍(54), കാലം മക്ലോഡ്(46*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിന്റെ സ്കോര്‍ 185 റണ്‍സില്‍ എത്തിച്ചത്. അയര്‍ലണ്ടിനായി സിമി സിംഗ്, ജോര്‍ജ്ജ് ഡോക്രെല്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പോള്‍ സ്റ്റിര്‍ലിംഗ് 41 പന്തില്‍ നിന്ന് 81 റണ്‍സ് നേടി അയര്‍ലണ്ട് ചേസിംഗിനു നേതൃത്വം നല്‍കിയെങ്കിലും താരം പുറത്തായ ശേഷം പിന്നീടുള്ള താരങ്ങള്‍ക്ക് അതേ വേഗതയില്‍ സ്കോര്‍ ചെയ്യാനാകാതെ പോയത് അയര്‍ലണ്ടിനു തിരിച്ചടിയായി. 5 ബൗണ്ടറിയും 6 സിക്സുമാണ് മത്സരത്തില്‍ പോള്‍ സ്റ്റിര്‍ലിംഗ് നേടിയത്. കെവിന് ഒബ്രൈന്‍ 28 റണ്‍സ് നേടി.
സഫ്യാന്‍ ഷെറിഫ് അവസാന ഓവറില്‍ 7 റണ്‍സ് വിട്ടുനല്‍കാതെ ടീമിനെ സമനിലയിലെത്തിക്കുമ്പോള് രണ്ട് വിക്കറ്റ് നേടിയിരുന്നു. സ്ടു വിറ്റിംഗം രണ്ടും ഹംസ താഹിര്‍, റിച്ചി ബെറിംഗ്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
