സ്കോട്‍ലാന്‍ഡിനു ടൂര്‍ണ്ണമെന്റിലെ ആദ്യ പരാജയം

- Advertisement -

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ പരാജയം രുചിച്ച് സ്കോട്‍ലാന്‍ഡ്. സൂപ്പര്‍ സിക്സില്‍ അയര്‍ലണ്ടുമായുള്ള മത്സരത്തിലാണ് 25 റണ്‍സിനു സ്കോട്‍ലാന്‍ഡ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 271 റണ്‍സ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 47.4 ഓവറില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആയി. അയര്‍ലണ്ടിനായി 105 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ആണ് കളിയിലെ താരം.

തുടക്കം പാളിയെങ്കിലും മൂന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ബാല്‍ബിര്‍ണേ നിയാല്‍ ഒ ബ്രൈന്‍ കൂട്ടുകെട്ട് നേടിയത്. 70 റണ്‍സാണ് നിയാല്‍ നേടിയത്. നാലാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിചേര്‍ത്ത് ബാല്‍ബിര്‍ണേ-കെവിന്‍ ഒ ബ്രൈന്‍ കൂട്ടുകെട്ട് ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ വേഗത കൂട്ടുവാന്‍ ശ്രമിച്ച് അയര്‍ലണ്ടിന്റെ വിക്കറ്റുകള്‍ പൊടുന്നനെ വീഴുകയായിരുന്നു. ബ്രാഡ്‍ലി വീല്‍ മൂന്നും സഫ്യാന്‍ ഷെറീഫ് 2 വിക്കറ്റും സ്കോട്‍ലാന്‍ഡിനായി നേടി.

കൈല്‍ കോയെറ്റ്സര്‍(61), റിച്ചി ബെറിംഗ്ടണ്‍(44), സഫ്യാന്‍ ഷറീഫ്(34), മാര്‍ക്ക് വാട്ട്(31*) എന്നിവരാണ് സ്കോട്‍ലാന്‍ഡിനായി റണ്‍സ് കണ്ടെത്തിയത്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് തുടര്‍ന്ന് പോകാനായത് സ്കോട്‍ലാന്‍ഡിനു തിരിച്ചടിയായി. അയര്‍ലണ്ടിനായി ബോയഡ് റാങ്കിന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം നേടി ടിം മുര്‍ട്ഗ, ബാരി മക്കാര്‍ത്തി, സിമി സിംഗ് എന്നിവരും റാങ്കിനു മികച്ച പിന്തുണ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement