സ്കോട്‍ലാന്‍ഡിനെതിരെ മികച്ച വിജയം, പരമ്പരയിലെ ആദ്യ വിജയം നേടി അയര്‍ലണ്ട്

- Advertisement -

ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലാണ്ട്സിനോട് പരാജയപ്പെട്ട ശേഷം ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ ജയം നേടി അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനെ 46 റണ്‍സിനാണ് അയര്‍ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 20 ഓവറില്‍ 205/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സ്കോട്‍ലാന്‍‍ഡിനു 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സേ നേടാനായുള്ളു.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേ നേടിയ 74 റണ്‍സാണ് അയര്‍ലണ്ട് ഇന്നിംഗ്സിനു അടിത്തറയായത്. 40 പന്തില്‍ നിന്നാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ബാല്‍ബിര്‍ണേ പുറത്തെടുത്തത്. പോള്‍ സ്റ്റിര്‍ലിംഗ്(29 പന്തില്‍ 51 റണ്‍സ്), ഗാരി വില്‍സണ്‍(38 പന്തില്‍ 58 റണ്‍സ്) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. സ്കോട്‍ലാന്‍ഡിനു വേണ്ടി അലസഡൈര്‍ ഇവാന്‍സ് രണ്ടും സ്റ്റു വിറ്റിംഗം, മൈക്കല്‍ ലീസ്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡിനു മികച്ച തുടക്കമാണ് ഓപ്പണ്ര‍മാര്‍ നല്‍കിയത്. 6.5 ഓവറില്‍ 65 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ കൈല്‍ കോയെറ്റ്സര്‍(33) ആണ് ആദ്യം പുറത്തായത്. ഏറെ വൈകാതെ ജോര്‍ജ്ജ് മുന്‍സേയും(41) പുറത്തായി. ജോര്‍ജ്ജ് ഡോക്രെലിനാണ് ഇരുവരുടെയും വിക്കറ്റ് ലഭിച്ചത്. പിന്നീട് കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ സ്കോട്‍ലാന്‍ഡ് താരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ അയര്‍ലണ്ടിനു 159 റണ്‍സ് മാത്രമേ നേടാനായുള്ളു.

ജോര്‍ജ്ജ് ഡോക്രെല്‍ രണ്ടും സിമി സിംഗ്, ബാരി മക്കാര്‍ത്തി, പോള്‍ സ്റ്റിര്‍ലിംഗ് എന്നിവര്‍ ഓരോ വിക്കറ്റും അയര്‍ലണ്ടിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement