
ബൗളിംഗ് മികവില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ വിജയത്തുടക്കവുമായി അയര്‍ലണ്ട്. നെതര്‍ലാണ്ട്സിനെതിരെ ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 93 റണ്‍സിന്റെ ജയമാണ് അയര്‍ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 268/7 എന്ന നിലയില്‍ 50 ഓവര്‍ അവസാനിപ്പിച്ചുവെങ്കിലും പിന്നീട് മഴ മൂലം കളി തടസ്സപ്പെട്ടപ്പോള്‍ നെതര്‍ലാണ്ട്സിന്റെ ലക്ഷ്യം 41 ഓവറില്‍ 243 റണ്‍സായി പുനക്രമീകരിക്കുകയായിരുന്നു. എന്നാല്‍ നെതര്‍ലാണ്ട്സ് 32.2 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
ടിം മുര്‍ട്ഗ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബാരി മക്കാര്‍ത്തി, ബോയ്ഡ് റാങ്കിന്, കെവിന് ഒ ബ്രൈന്‍ എന്നീ അയര്‍ലണ്ട് ബൗളര്‍മാര്‍ രണ്ട് വീതം വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ഒമ്പതാമനായി ഇറങ്ങിയ ടിം വാന്‍ ഡേര് ഗുഗ്ടെന് ആണ് 33 റണ്‍സുമായി നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍ ആയത്. സ്കോട്ട് എഡ്വേര്‍ഡ്സ് 26 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനു വേണ്ടി വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്(47) ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(68), നിയാല്‍ ഒ ബ്രൈന്‍(49) എന്നിവരാണ് തിളങ്ങിയത്. ടിം വാന്‍ ഡെര്‍ ഗുഗ്ടെന് തന്നെയായിരുന്നു ബൗളിംഗിലും നെതര്‍ലാണ്ട്സിനു വേണ്ടി തിളങ്ങിയത്. മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial