അടുത്ത വര്‍ഷം മുതല്‍ ഐപിഎലിലും താനില്ലെന്ന് അറിയിച്ച് യുവി

Photo: SPORTZPICS for BCCI

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ബിസിസിഐ ഇവന്റുകളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നാണ് യുവരാജ് സിംഗ് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ വ്യക്തമാക്കിയത്. 2019 ഐപിഎല്‍ ആണ് തന്റെ അവസാന ഐപിഎല്‍ എന്നും ഇനി താന്‍ ഐപിഎലിലും ഉണ്ടാകില്ലെന്ന് യുവരാജ് സിംഗ് അറിയിച്ചു. പകരം താന്‍ വിദേശത്തെ ടി20 ലീഗുകളില്‍ കളിയ്ക്കുവാനുള്ള അവസരം തേടുമെന്ന് യുവരാജ് സിംഗ് അറിയിച്ചു.

2019 ഐപിഎലില്‍ തനിക്ക് അധികം മത്സരം കളിയ്ക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് താന്‍ സത്യസന്ധമായി ആഗ്രഹിച്ചിരുന്നുവെന്ന് യുവരാജ് പറഞ്ഞു. ഈ വര്‍ഷത്തെ ഐപിഎലില്‍ തന്റെ മികവ് പുറത്തെടുക്കുകയായിരുന്നു തന്റെ ലക്ഷ്യം, എന്നാല്‍ തനിക്ക് നാല് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്, അതില്‍ തന്നെ 98 റണ്‍സ് മാത്രമേ നേടുവാനും ആയുള്ളു.

നേരത്തെ തന്നെ താന്‍ ഇത് തന്റെ അവസാന ഐപിഎല്‍ ആണെന്നും ഇതില്‍ മികച്ച പ്രകടനം അവസരം ലഭിച്ചാല്‍ പുറത്തെടുക്കണമെന്നും ചിന്തിച്ചിരുന്നതാണ് പക്ഷേ അത് നടന്നില്ലെന്നും യുവരാജ് പറഞ്ഞു. ബിസിസിഐയുടെ അനുമതിയോടെ വിദേശ രാജ്യങ്ങളില്‍ ടി20 ലീഗുകളില്‍ പങ്കെടുക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് യുവരാജ് വ്യക്തമാക്കി.