
തങ്കരശിന്റെ കായിക ജീവിതവും വ്യക്തിജീവിതവും ഒട്ടും സുഖകരമായ കഥകളല്ല. 1991 മെയ് 27-ന് തമിഴ്നാട്ടിലെ സേലത്ത് നിന്ന് 38 കിലോമീറ്റര്‍ അകലെ ഒട്ടും സൗകര്യങ്ങളില്ലാത്ത ചിന്നാംപെട്ടിയെന്ന ഗ്രാമത്തിലാണ് നടരാജന് ജനിച്ചത്. ഏതൊരു ഇന്ത്യന്‍ ഗ്രാമീണന്റെയും ദാരിദ്ര്യം തന്നെയായിരുന്നു ഈ താരത്തിന്റെയും കുടുംബത്തിന്റെ സമ്പാദ്യം. ഒരു സാരി കമ്പനിയിലും പിന്നെ റെയില്‍വെ പോര്‍ട്ടറായും ജോലി നോക്കിയിരുന്ന പിതാവ് നടരാജനും വഴിയരിക്കിലെ പലഹാര കച്ചവടം നടത്തുന്ന അമ്മയും വളരെ ബുദ്ധിമുട്ടി തന്നെയാണ് തങ്കരശിനെയും സഹോദരനെയും രണ്ട് സഹോദരിമാരെയും വളര്‍ത്തിയത്. നിത്യവൃത്തി കഴിക്കാന്‍ കളിച്ചു നടക്കേണ്ട പ്രായം മുതല്‍ മാതാവിനൊപ്പം ചായക്കടയില്‍ ജോലി ചെയ്യേണ്ടി വന്നിരുന്ന നടരാജന് ചായയടിക്കാന്‍ വേണ്ടി ക്ളബ്ബിന്റെയും തമിഴനാട് ടീമിന്റെയും വരെ വിളികള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ വല്ലാതെ പ്രണയിച്ചിരുന്നു എന്നല്ലാതെ ക്രിക്കറ്റ് താരമാകുമെന്ന് ഒരിക്കലും സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഇടത്തു നിന്നായിരുന്നു നടരാജന്റെ വരവ്. മാതാവിനെ സഹായിക്കാന്‍ പലപ്പോഴും ക്ളാസ്സുകള്‍ പോലും കളഞ്ഞിട്ടുണ്ട്. ജീവിതത്തിലെ മറ്റ് കാര്യങ്ങളെ വെച്ചു നോക്കുമ്പോള്‍ സ്പോര്‍ട്സ് ഏറ്റവും പ്രാധാന്യം കുറഞ്ഞ കാര്യം കാര്യമായായിരുന്നു. ഇളയ ദളപതി വിജയ് യുടെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോയില്‍ കാണുക മാത്രമാണ് ഇതില്‍ വേറിട്ടു നിന്ന ഏക കാര്യവും. പ്രൈസ്മണി ഒരു അധികവരുമാനമായി മാത്രം കണ്ടിരുന്ന നടരാജന് പക്ഷേ നാട്ടുമ്പുറത്തെ ടെന്നീസ്ബോള് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ പതിവ് മുഖമായിരുന്നു. മികച്ച ബൗളര്‍, ബാറ്റ്സ്മാന് എന്ന രീതിയിലുള്ള സാമ്പത്തിക സമ്മാനങ്ങള്‍ തന്നെയായിരുന്നു സ്ഥിരമായി കളിക്ക് പോകാന്‍ കാരണമായിരുന്നതും.
സ്കൂള്‍ ടീമിലോ കോളജ് ടീമിലോ കളിച്ചിട്ടില്ലാത്ത തങ്കരശ് സുഹൃത്തുകള്‍ക്കൊപ്പം ഗ്രാമത്തിലെ പ്രാദേശിക മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. യോര്‍ക്കറുകളാണ് ഈ ഇടംകൈയ്യന്റെ വജ്രായുധം. എല്ലാവരും ബാറ്റിംഗ് തെരഞ്ഞെടുക്കുമ്പോള്‍ താന്‍ ആദ്യം പന്തെറിയാന്‍ നല്‍കണമെന്ന വാശിക്കാരനായിരുന്നെന്ന് നടരാജന് തന്നെ പറയുന്നു. ചിന്നപ്പാമ്പാട്ടിയിലെ ടെന്നീസ് ബോള്‍ ബൗളറായി പേരെടുത്തതോടെ ഇയാളുടെ അയല്‍ക്കാരനും നാലാം ഡിവിഷന് ക്രിക്കറ്റ് താരവുമായ എ ജയപ്രകാശാണ് ആദ്യ ലതര്‍ ബോള്‍ സമ്മാനിച്ചത്. 18 -19 വയസ്സുള്ളപ്പോള്‍ ഈ പന്തു കൊണ്ട് എറിഞ്ഞു പഠിക്കാന്‍ ആവശ്യപ്പെട്ടു. ഇത് ആവശ്യം വരില്ലെന്നും ക്രിക്കറ്റ് താരമാകുന്നത് സ്വപ്നത്തില്‍ പോലുമില്ലെന്നും അന്നു തന്നെ ജയപ്രകാശിനോട് പറയുകയും ചെയ്തു. എന്നാല്‍ ഈ പന്തു കൊണ്ട് നീ താരമാകാന്‍ പോകുന്നെന്നായിരുന്നു മറുപടി. ക്രിക്കറ്റ് താരമാകുന്നത് സ്വപ്നം കണ്ടിരുന്നില്ലാത്ത നടരാജന് പക്ഷേ 20 ാം വയസ്സില്‍ ആദ്യ ബ്രേക്ക് കിട്ടിയത്.20-ാം വയസ് വരെയും ടെന്നീസ് ബോളിലായിരുന്നു തങ്കരശ് കളിച്ചിരുന്നത്. എന്തിന് നല്ല ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു കളിപോലും തങ്കരശ് അന്നുവരെ കളിച്ചിട്ടില്ലായിരുന്നു. തങ്കരശിന്റെ മാസ്മരിക ബൗളിംഗ് കണ്ട പ്രദേശവാസിയായ ജയപ്രകാശ് എന്നയാള്‍ അവന്റെ വഴിതന്നെ തിരിച്ചുവിട്ടുകളഞ്ഞു. തങ്കരശിന്റെ പ്രതിഭ മനസിലാക്കിയ നടരാജിന്റെ പ്രചോദനം കൊണ്ടുകൂടിയാണ് താരം ചെന്നൈയില്‍ എത്തുന്നത്. ചെന്നൈയിലെ ഒരു ക്ലബിനു വേണ്ടി കളി തുടങ്ങിയ തങ്കരശ് തന്റെ യോര്‍ക്കറുകള്‍ കൊണ്ട് അവിടെയും പ്രസിദ്ധനായി.
ആ പ്രസിദ്ധി തങ്കരശിനെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ ഫോര്‍ത്ത് ഡിവിഷന് ലീഗില്‍ ബിഎസ്എന്‍എല്ലിന് വേണ്ടി കളത്തിലിറങ്ങാന്‍ സഹായിച്ചു. അധികം വൈകാതെ ഒന്നാം ഡിവിഷന് ടീമില്‍ താരം എത്തി. 2012-13-ല്‍ മുരളി വിജയിയും ആര് ആശ്വിനും ഒക്കെ കളിച്ച പ്രമുഖ ക്ലബ് ജോളി റോവേഴ്സിനു വേണ്ടിയായിരുന്നു തങ്കരശിന്റെ യോര്‍ക്കറുകള്‍ പാറിയത്.
2015 ല്‍ തമിഴ്നാട് സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്തിയെന്ന സന്തോഷവാര്‍ത്തയാണ് തേടിയെത്തിയത്. അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ നടരാജന് ബംഗാളിനെതിരേ തമിഴ്നാടിന് വേണ്ടി ഈഡന്‍സ് ഗാര്‍ഡനില്‍ കളിക്കാനിറങ്ങി. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ്. എന്നാല്‍ ബൗളിംഗ് ആക്ഷന്‍ സംശയിക്കുന്ന 177 കളിക്കാരുടെ പട്ടികയില്‍ ആയെന്ന് തൊട്ടു പിന്നാലെ മോശം വാര്‍ത്തയും എത്തി. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ എന്ന ആരോപണം തങ്കരശിനെ ചെറുതായിട്ട് ഒന്നു തളര്‍ത്തി.. എല്ലാം നഷ്ടപ്പെട്ട അവസ്ഥ. പിന്നീട് നാട്ടിലെ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റില്‍ പോലും പന്തെറിയാന്‍ അനുവദിക്കപ്പെട്ടില്ല. എല്ലാം അവസാനിപ്പിച്ച് മാതാപിതാക്കളെ സഹായിക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ ജോളി റോവേഴ്സിലെ പരിശീലകന് ഭരത് റെഡ്ഡി തടഞ്ഞു. നിരാശപ്പെടേണ്ടെന്നും മുത്തയ്യാ മുരളീധരന് പോലും ഒരിക്കല്‍ സംശയിക്കപ്പെട്ട ആളാണെന്നും പറഞ്ഞു. ഈ വാക്കുകള്‍ ധൈര്യം പകരുകയും വിട്ടുകളയാതെ പോരാടാന്‍ തീരുമാനിക്കുകയും ചെയ്തു പക്ഷെ കഠിനമായി പരിശീലിച്ചും പരിശ്രമിച്ചും തങ്കരശ് വീണ്ടും എത്തി. ബിസിസിഐ പാനലിലെ സുനില്‍ സുബ്രഹ്മണ്യന്, ഡി വാസു, എം വെങ്കട്ട്രാമന് തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ തങ്കരശ് തന്റെ ബൗളിംഗ് ആക്ഷന്‍ പരിഹരിച്ചു. ജോളി റോവേഴ്സിലെ ഭരത് റെഡ്ഡിയുടെയും ജയകുമാറിന്റെയും ഉപദേശമാണ് തങ്കരശിന്റെ തിരിച്ചുവരവിന് കാരണമായത്.
ഒരു വര്‍ഷത്തോളം പാര്ശ്വവല്ക്കരിക്കപ്പെട്ടുപോയ നടരാജന് പിന്നീട് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് പന്തെറിയാന്‍ എത്തിയത് റീ മോഡല്‍ ചെയ്ത ആക്ഷനുമായിട്ടായിരുന്നു. ശരിക്കും ഇതൊരു രണ്ടാം വരവായിരുന്നു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന പരിഗണനയില്‍ തമിഴ്നാട് ടീമില്‍ വീണ്ടും. 2016 – 17 സീസണില്‍ എട്ടു മത്സരങ്ങളില്‍ 24 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടായിരുന്നു തിരിച്ചു വരവ് ലീഗില്‍ തങ്കരശ് ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. 135 കി.മീ വേഗതയില്‍ എത്തിയ തങ്കരശിന്റെ ഷോര്‍ട്ട് പിച്ചുകളും ടൊയ് ക്രഷേസും നിറഞ്ഞ പന്തുകളും ബാറ്റ്മാന്മാരെ വെള്ളംകുടിപ്പിച്ചു. അതിന്റെ കൂടെ യോര്‍ക്കറുകളും കൂടി പ്രവഹിച്ചപ്പോള്‍ കാണികള്‍ താരത്തിന് ഒരു ചെല്ലപേരും കൂടി സമ്മാനിച്ചു. തമിഴ്നാടിന്റെ ‘മുസാഫീര്‍ റഹ്മാന്’ എന്നാണ് അവര്‍ ആവേശത്തോടെ താരത്തെ വിളിച്ചത്. തന്റെ ആദ്യ രണ്ട് ഏകദിന മാച്ചുകളില്‍ നിന്ന് റെക്കോര്‍ഡ് വിക്കറ്റ് നേട്ടത്തിന് ഉടമയായ ബംഗ്ലദേശിന്റെ സീമറായ മുസാഫീര്‍ റഹ്മാനോടാണ് ആരാധകര്‍ തങ്കരശിനെ താരതമ്യം ചെയ്തത്.
സത്യത്തില്‍ വെറും അഞ്ചുകൊല്ലം കൊണ്ടാണ് തങ്കരശ് എന്ന് ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഉണ്ടായത്. ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്ന ‘ഇന്‍ ബോണ്‍ ടാലന്റ്’ എന്നതാണ് തങ്കരശിനെ നിലവിലെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഐപിഎല്ലിലേക്ക് എത്തിയതോടെ ഈ പ്രതിഭയെ ഇനി ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പാണ്.