ക്യാപ്റ്റൻ ഗംഭീർ വിടപറയുമ്പോൾ!

- Advertisement -

ഐപിഎലിൽ മറ്റൊരു യുഗാന്ത്യം കൂടെ. ഡൽഹി ഡയർഡെവിൾസ് ക്യാപ്റ്റൻ സ്ഥാനം ഗൗതം ഗംഭീർ ഒഴിഞ്ഞു. 7 വർഷങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ ആയിരിക്കുകയും 2 തവണ അവരെ കിരീടവിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഗംഭീർ ഐപിഎലിൽ 100 മത്സരങ്ങൾക്ക് മേലെ ഏതെങ്കിലും ടീമിനെ നയിച്ച രണ്ടാമത്തെ ക്യാപ്റ്റൻ മാത്രമായിരുന്നു. ഇൗ വർഷമാണ് ഡൽഹിയുടെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 6 കളികളിൽ 5ലും തോൽവി നേരിട്ടു.

ഡൽഹി ഡയർഡെവിൾസിൽ നിന്നും പുറത്തുപോകേണ്ടി വന്ന ഗംഭീർ 2011ലാണ് കൊൽക്കത്തയിൽ എത്തുന്നത്. $2.4 മില്ലിയണിന് അവിടെ എത്തിയ ഗംഭീർ ആദ്യ മൂന്നു സീസണുകളിൽ പ്ലേ ഓഫ് കാണാതെ കിടന്ന ടീമിനെ കൈപിടിച്ചുയർത്തുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ആദ്യത്തെ സീസണിൽ തന്നെ കൊൽക്കത്ത പ്ലേയ് ഓഫിൽ എത്തി. 2012ൽ ചാമ്പ്യന്മാരുമായി. 2014ൽ പിന്നെയും അവരെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കൊൽക്കത്തയുടെ  ഇതുവരെയുള്ളതിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാൻ മറ്റാരുമല്ല.

കൊൽക്കത്തയുടെ ക്യാപ്റ്റൻ ആയിരുന്ന 7 സീസണിൽ 5 തവണ പ്ലേയ് ഓഫിൽ എത്തിക്കുകയും, 2 തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത ഗംഭീർ ഈ തവണ ടീമുകൾ നിലനിർത്തേണ്ട കളിക്കാരനെ തീരുമാനിക്കേണ്ട സമയമായപ്പോൾ ഡൽഹിയിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അത് പ്രകാരം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അദ്ദേഹത്തെ നിലനിർത്തുകയുണ്ടായില്ല.

ഡൽഹി തന്നെ അദ്ദേഹത്തെ ലേലത്തിൽ വിളിച്ചെടുക്കുകയും ക്യാപ്റ്റൻ സ്ഥാനം നൽകുകയും ചെയ്തു. ആദ്യത്തെ കളിയിൽ അർധശതകവുമായി തുടങ്ങി എങ്കിലും പിന്നീട് മികച്ച പ്രകടനങ്ങൾ അന്യം നിന്നു. 17 റൺ ശരാശരിയിൽ വെറും 85 റൺ ആണ് 6 മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. 97 മാത്രമാണ് സ്ട്രൈക്ക് റേറ്റ്.

അതിനൊപ്പം ടീമിന്റെ പ്രകടനം കൂടെ മോശമായതോടെയാണ് ഈ തീരുമാനം എന്ന് കരുതുന്നു. ശ്രേയസ് അയ്യർ ആയിരിക്കും പുതിയ ക്യാപ്റ്റൻ. ഇനി ബാറ്റ്സ്മാൻ ആയി എങ്കിലും ഐപിഎലിൽ കളിയ്ക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന കാര്യം നോക്കിക്കാണേണ്ടിയിരിക്കുന്നു. കോളിൻ മൺറോയ്ക്കും, ജേസൺ റോയ്ക്കും ഓപ്പണിങ് സ്ഥാനം നൽകാനുള്ള സാധ്യത ഇതോടെ വർധിച്ചു.

ഐപിഎലിൽ മൊത്തം 129 മത്സരങ്ങൾ രണ്ട് ടീമിനെയും കൂടെയായി നയിച്ച അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി വിജയശതാനം 56 ആയിരുന്നു.

2011 വേൾഡ് കപ്പ് ഫൈനലിലെയും, 2007 T20 വേൾഡ് കപ്പ് ഫൈനലിലെയും നിർണായക പ്രകടനങ്ങൾ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചപ്പോൾ, ആ ഹീറോയ്ക്ക് ആന്റിക്ലൈമാക്സ് ആയ ഒരു കരിയർ അവസാനം ഉണ്ടാവുമോ എന്നത് ആരാധകരെ വിഷമിപ്പിക്കുന്നു. മനോഹരമായി ഓഫ് ഡ്രൈവുകളും, കട്ട് ഷോട്ടും അതിലുപരി നല്ലപോലെ എക്സിക്യൂട്ട് ചെയ്യുന്ന ചിപ്പ് ഷോട്ടുകളും കളിക്കുന്ന ഗംഭീറിന് ബാറ്റിംഗ് മികവ് വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് പ്രയാസകരമാവും. പക്ഷെ ട്വീറ്റിൽ, മുന്നിൽ നിന്ന് നയിക്കുന്നില്ല എങ്കിലും ടീമിന് വേണ്ടി താനുണ്ടാകുമെന്ന് പറഞ്ഞത്, ഇനിയും ഡൽഹിക്ക് വേണ്ടി ബാറ്റ് ഏന്താനുള്ള സാധ്യത ഇല്ലാതാക്കുന്നില്ല.

വിവാദങ്ങൾ ഇപ്പോഴും കൂടെകൂട്ടിയ ഒരു കളിക്കാരനാണ് ഗംഭീർ. കളിക്കളത്തിൽ വികാരവിക്ഷോഭങ്ങൾക്ക് സ്ഥാനം നൽകുന്നതിനും, കളിക്കളത്തിന് പുറത്തെ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കും ആരാധകരും വിമർശകരും ഉണ്ടായിരുന്നു. കളിയിലും കളിക്കുന്ന ടീമിലും ആത്മാർത്ഥമായി തന്നാൽ ആവുന്ന വിധം പ്രയോജനപ്പെടാൻ അദ്ദേഹം ജാഗരൂകനായിരുന്നു.

വ്യക്തിയേക്കാളും പ്രാധാന്യം ടീമിനാണ് എന്ന് പറയുന്ന ഗംഭീർ ഡൽഹിക്ക് പ്രയോജനമാകുമെന്ന് താൻ കരുതുന്ന ഒരു തീരുമാനം ആണ് എടുത്തിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിന് ഒപ്പം തന്നെ ഇൗ വർഷത്തെ പ്രതിഫലവും വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഗംഭീർ. നേരത്തെ പറഞ്ഞതുപോലെ സ്വന്ത ടീമിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള കളിക്കാരൻ ഇങ്ങനൊക്കെയുള്ള തീരുമാനങ്ങൾ എടുത്തു എന്നതിൽ അത്ഭുതമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement