ഈ നാല് തോല്‍വികള്‍ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല

- Advertisement -

ഐപിഎലില്‍ തുടരെ നാല് കളികള്‍ തോറ്റ ഏക ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. ഇതില്‍ രാജസ്ഥാനോടും മുംബൈയോടും ടീം മികച്ച രീതിയില്‍ പൊരുതി നോക്കിയപ്പോള്‍ യാതൊരു ചെറുത്ത് നില്പുമില്ലാതെയാണ് സണ്‍റൈസേഴ്സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും ബാംഗ്ലൂര്‍ കീഴടങ്ങിയത്. വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയരാത്തതിനൊപ്പം ഏറെ പ്രതീക്ഷയുണ്ടായിരുന്ന മധ്യനിര കൂടി കൈവിട്ടതോടെയാണ് ഈ നാല് മത്സരങ്ങളില്‍ തകര്‍ച്ചയിലേക്ക് റോയ്ല‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വീണത്.

ഈ നാല് മത്സരങ്ങളിലും തോല്‍ക്കുവാന്‍ മാത്രം മോശം ടീമല്ല തങ്ങളുടേതെന്നാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കുന്നത്. നാല് മത്സരങ്ങളില്‍ മൂന്ന് ഓപ്പണര്‍മാര്‍ക്കൊപ്പം ഇന്നിംഗ്സ് തുടങ്ങിയ പാര്‍ത്ഥിവ് മാത്രമാണ് റോയല്‍ ചലഞ്ചേഴ്സ് നിരയിലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരം.

നാല് തോല്‍വികള്‍ക്ക് ശേഷം ടീമിനു വിഷമമില്ലെന്നോ സന്തോഷവാന്മാരാണെന്നോ പറയുന്നത് സത്യസന്ധമല്ലായെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഡ്രെസ്സിംഗ് റൂമില്‍ ഏവരും പൊസിറ്റീവായാണ് കാര്യങ്ങളെ നോക്കി കാണുന്നത്, ഞങ്ങളുടെ ശേഷിയെന്താണെന്നും ഈ നാല് തോല്‍വികള്‍ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലായെന്നും ടീമംഗങ്ങളോട് ഏവരും സംസാരിച്ച് കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

തന്റെ വ്യക്തിഗത പ്രകടനങ്ങളില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും അത് കൂടുതല്‍ സന്തോഷം ലഭിയ്ക്കുന്നത് ടീം കൂടി വിജയിക്കുമ്പോളാണ്.

Advertisement