ശതകം നേടി വാട്സണ്‍, 200 കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്

- Advertisement -

ഷെയിന്‍ വാട്സണ്‍ നേടിയ 106 റണ്‍സിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎലില്‍ തങ്ങളുടെ പുതിയ ഹോം വേദിയിലെ അരങ്ങേറ്റം തകര്‍പ്പനാക്കുകയായിരുന്നു ഷെയിന്‍ വാട്സണ്‍ വെടിക്കെട്ട്. 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 204 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. ഐപിഎലിലെ മൂന്നാമത്തെ ശതമാണ് ഇത് വാട്സണിന്റെ.

9 റണ്‍സില്‍ നില്‍ക്കെ രാഹുല്‍ ത്രിപാഠി ഷെയിന്‍ വാട്സണിന്റെ ക്യാച് കൈവിടുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 50 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണിംഗ് ജോഡി നേടിയത്. 12 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവിനെ ബെന്‍ ലൗഗ്ലിന്‍ ആണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് നേടിയത്. സുരേഷ് റെയ്‍ന 29 പന്തില്‍ 46 റണ്‍സുമായി വാട്സണു മികച്ച പിന്തുണയാണ് നല്‍കിയത്. മികച്ചൊരു ക്യാച്ചിലൂടെ കൃഷ്ണപ്പ ഗൗതമാണ് റെയ്‍നയുടെ ഇന്നിംഗ്സിനു അവസാനം കുറിച്ചത്.

57 പന്തില്‍ നിന്ന് 106 റണ്‍സാണ് വാട്സണ്‍ നേടിയത്. ഒരു പന്ത് ശേഷിക്കെ വാട്സണ്‍ ലൗഗ്ലിനു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. വാട്സണ്‍ 9 ബൗണ്ടറിയും 6 സിക്സുമാണ് മത്സരത്തില്‍ നേടിയത്. 16 പന്തില്‍ 24 റണ്‍സുമായി ഡ്വെയിന്‍ ബ്രാവോയും അവസാന ഓവറുകളില്‍ ചെന്നൈ സ്കോറിംഗിനു വേഗത കൂട്ടി.

രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാല്‍ തന്റെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി. ബെന്‍ ലൗഗ്ലിനു രണ്ട് വിക്കറ്റ് ലഭിച്ചത്. ടീമിലേക്ക് തിരിച്ചെത്തിയ സ്റ്റുവര്‍ട് ബിന്നിയും ബെന്‍ സ്റ്റോക്സുമാണ് രാജസ്ഥാന്‍ നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement