തിരിച്ചുവരവില്‍ കിരീടം നേടി ചെന്നൈ, ടീമിനെ വിജയത്തിലേക്ക് നയിച്ചത് വാട്സണ്‍ നേടിയ ശതകം

- Advertisement -

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്കുള്ള മടങ്ങി വരവ് കിരീടം സ്വന്തമാക്കി ആഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയിന്‍ വാട്സണ്‍ പുറത്താകാതെ നേടിയ 117 റണ്‍സിന്റെ ബലത്തിലാണ് ചെന്നൈ ഹൈദ്രാബാദ് നല്‍കിയ 179 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ 178/6 എന്ന സ്കോര്‍ നേടുകയായിരുന്നു. യൂസഫ് പത്താന്‍(45*), കാര്‍ലോസ് ബ്രാത്‍വൈറ്റ്(11 പന്തില്‍ 21) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പൊരുതാവുന്ന സ്കോറിലേക്ക് ചെന്നൈ എത്തിയത്. ഇത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂന്നാം ഐപിഎല്‍ കിരീടമാണ്.

മികച്ച തുടക്കമാണ് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ ടീമിനു നല്‍കിയത്. ആദ്യ നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടു നല്‍കി ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് നേടിയ സണ്‍റൈസേഴ്സ് മത്സരത്തില്‍ ആധിപത്യമുറപ്പിക്കുമെന്ന് കരുതിയെങ്കിലും ഷെയിന്‍ വാട്സണാണ് സണ്‍റൈസേഴ്സ് സ്വപ്നങ്ങള്‍ക്കുമേല്‍ പെയ്തിറങ്ങിയത്. സുരേഷ് റെയ്‍നയുമായി ചേര്‍ന്ന് 117 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ വാട്സണ്‍ നേടിയത്. ലക്ഷ്യം 48 പന്തില്‍ 75 റണ്‍സ് എന്ന് നില്‍ക്കെ സന്ദീപ് ശര്‍മ്മയുടെ ഓവറില്‍ നേടിയ 27 റണ്‍സാണ് മത്സരം പൂര്‍ണ്ണമായും ചെന്നൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

റെയ്‍നയെ ബ്രാത്‍വൈറ്റ് പുറത്താക്കിയെങ്കിലും റണ്‍റേറ്റ് വരുതിയിലായി ചെന്നൈ അനായാസം ലക്ഷ്യം 9 പന്തുകള്‍ അവശേഷിക്കെ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 51 പന്തില്‍ 100 റണ്‍സ് നേടിയ വാട്സണ്‍ സിസണില്‍ നേടിയ രണ്ടാമത്തെ ശതകമാണ് ഇത്.

വാട്സണ്‍ 57 പന്തില്‍ 11 ബൗണ്ടറിയും 8 സിക്സും സഹിതം 117 റണ്‍സാണ് പുറത്താകാതെ നേടിയത്. 16 റണ്‍സുമായി റായിഡു പുറത്താകാതെ ടീമിന്റെ വിജയ റണ്‍സ് നേടി. കാര്‍ലോസ് ബ്രാത്‍വൈറ്റിനും സന്ദീപ് ശര്‍മ്മയ്ക്കുമാണ് മത്സരത്തില്‍ സണ്‍റൈസേഴ്സിനായി വിക്കറ്റുകള്‍ നേടാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement