വാട്സണ്‍ നെരുപ്പുഡാ!!! ചെന്നൈയുടെ വിജയമൊരുക്കി ഓപ്പണിംഗ് ബാറ്റ്സ്മാന്‍

- Advertisement -

വിജയത്തിനായി 176 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് നയിച്ച് ഷെയിന്‍ വാട്സണ്‍. സണ്‍റൈസേഴ്സ് ബൗളര്‍മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാട്സണ്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ തങ്ങളുടെ 6 വിക്കറ്റ് ജയം സ്വന്തമാക്കിയത്. തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ താരത്തിനു സാധിച്ചില്ലെങ്കിലും വാട്സണ്‍ പുറത്താകുമ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 16 റണ്‍സ് അകലെ മാത്രമായിരുന്നു.  മികച്ചൊരു ക്യാച്ചിലൂടെ വാട്സണെ ജോണി ബൈര്‍സ്റ്റോ പിടിച്ച് പുറത്താക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ് ലഭിച്ചത്.

53 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയ വാട്സണൊപ്പം 38 റണ്‍സ് നേടിയ സുരേഷ് റെയ്‍ന നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 9 ബൗണ്ടറിയും ആറ് സിക്സുമാണ് വാട്സണ്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. വാട്സണ്‍ പുറത്തായെങ്കിലും അമ്പാട്ടി റായിഡുവും(21) കേധാര്‍ ജാഥവും(11*) ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ 9 റണ്‍സ് വേണ്ട സ്ഥിതിയില്‍ കേധാര്‍ ജാഥവ് നേടിയ സിക്സ് ഏറെ നിര്‍ണ്ണായകമാകുകയായിരുന്നു. അതിനു ശേഷം അമ്പാട്ടി റായിഡു പുറത്തായെങ്കിലും ജയം പിടിച്ചെടുക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ ചെന്നൈയ്ക്കായി.

Advertisement