രസകരമായ കാര്യം എന്തെന്നാല്‍ തങ്ങള്‍ അതിന് മുമ്പ് ഒരുമിച്ചോ, എതിരെയോ കളിച്ചിട്ടില്ല – സണ്‍റൈസേഴ്സില്‍ ജോണി ബൈര്‍സ്റ്റോയോടൊപ്പമുള്ള വെടിക്കെട്ട് കൂട്ടുകെട്ടിനെക്കുറിച്ച് ഡേവിഡ് വാര്‍ണര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ വെടിക്കെട്ട് കൂട്ടുകെട്ടായ ഡേവിഡ് വാര്‍ണര്‍- ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടൂര്‍ണ്ണമെന്റില്‍ നേടിയത് 791 റണ്‍സാണ്. 2019ല്‍ ഐപിഎലിന്റെ 12ാം പതിപ്പില്‍ ഇരുവരും ചേര്‍ന്ന് 4 ശതക കൂട്ടുകെട്ടുകള്‍ അടക്കമാണ് എതിര്‍ ക്യാമ്പിലെ ബൗളര്‍മാരെ നിലംപരിശാക്കിയിട്ടുള്ളത്. ഇതില്‍ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 185 റണ്‍സ് നേടിയപ്പോള്‍ ഐപിഎലിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഗുജറാത്തിനെതിരെ 2017ല്‍ ക്രിസ് ലിന്‍-ഗൗതം ഗംഭീര്‍ കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്കായി നേടിയ 184 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.

എന്നാല്‍ തങ്ങള്‍ അതിന് മുമ്പ് ഒരിക്കലും ഒരുമിച്ചോ എതിരായോ കളിച്ചിട്ടില്ലെന്നതാണ് ഏറ്റവും രസകരമായ കാര്യമെന്ന് ജോണി ബൈര്‍സ്റ്റോയുടെ ഒപ്പമുള്ള കൂട്ടുകെട്ടിനെക്കുറിച്ച് വാര്‍ണര്‍ പറഞ്ഞു. കളത്തിന് പുറത്ത് യാതൊരുവിധത്തിലുമുള്ള പരിചയം ഇരുവരും തമ്മിലില്ലായിരുന്നുവെന്നും വാര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ ആദ്യ നെറ്റ്സ് സെഷന് ശേഷം ഇരുവര്‍ക്കും പരസ്പരം മറ്റെയാളുടെ കളി വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചുവെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

ഇരുവരും തമ്മില്‍ വിക്കറ്റിനിടയിലുള്ള ഓട്ടത്തിലെ വേഗതയും വളരെ അനുകൂലമായ ഒരു സാഹചര്യമാണ് എന്ന് വാര്‍ണര്‍ പറഞ്ഞു. ആര്‍സിബിയ്ക്കെതിരെയുള്ള റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ അതിന് വലിയ പ്രസക്തിയുണ്ടെന്നും താരം വ്യക്തമാക്കി. ആദ്യത്തെ ആറോവറില്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ ശേഷം പവര്‍പ്ലേ കഴിഞ്ഞ് സിംഗിളുകളുംഡബിളുകളുംയഥേഷ്ടം നേടാനായാല്‍ അത് എതിര്‍വശത്തെ കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കുവാനാകുമെന്ന് അറിയാമായിരുന്നുവെന്നും വാര്‍ണര്‍ വ്യക്തമാക്കി.

ആ കൂട്ടുകെട്ടില്‍ 20ലധികം ഡബിളുകള്‍ ഇരുവരും തമ്മില്‍ നേടിയെന്നും അത് വിരാട് കോഹ്‍ലിയെ പൊട്ടിത്തെറിയുടെ വക്കിലേക്ക് പലപ്പോഴും എത്തിച്ചത് തങ്ങള്‍ ഓര്‍ക്കുന്നുവെന്നും വാര്‍ണര്‍ ഓര്‍ത്തെടുത്തു പറഞ്ഞു.