ചെന്നൈ ബൗളര്‍മാരെ നിലംതൊടിക്കാതെ ഡേവിഡ് വാര്‍ണര്‍, വാര്‍ണര്‍ പുറത്തായ ശേഷം അടിതുടങ്ങി ബൈര്‍സ്റ്റോ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 133 റണ്‍സെന്ന അനായാസ ലക്ഷ്യം ബുദ്ധിമുട്ടില്ലാതെ അടിച്ചെടുത്തപ്പോള്‍ സണ്‍റൈസേഴ്സിനു 6 വിക്കറ്റ് വിജയം. ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് തുടക്കത്തിനു ശേഷം രണ്ട് വിക്കറ്റുകള്‍ ചെന്നൈ വീഴ്ത്തിയപ്പോള്‍ പതിവു പോലെ സണ്‍റൈസേഴ്സ് മധ്യനിര തകരുമെന്ന് കരുതിയെങ്കിലും ബൈര്‍സ്റ്റോയും അടി തുടങ്ങിയതോടെ കാര്യങ്ങളൊന്നും ചെന്നൈ വിചാരിച്ച പോലെ നടന്നില്ല.

25 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് വെടിക്കെട്ട് തുടക്കം സണ്‍റൈസേഴ്സിനു നല്‍കിയത്. വാര്‍ണര്‍ അടിതുടങ്ങിയപ്പോള്‍ ബൈര്‍സ്റ്റോ സിംഗിളുകള്‍ എടുത്ത് സ്ട്രൈക്ക് മാറുകയായിരുന്നു. വാര്‍ണര്‍ പുറത്താകുമ്പോള്‍ പവര്‍പ്ലേയ്ക്ക് ഉള്ളില്‍ തന്നെ ഒന്നാം വിക്കറ്റില്‍ 66 റണ്‍സാണ് ആതിഥേയര്‍ നേടിയത്.

അടുത്ത ഓവറില്‍ നായകന്‍ കെയിന്‍ വില്യംസണെ ഇമ്രാന്‍ താഹിര്‍ പുറത്താക്കി മത്സരത്തിലേക്ക് ചെന്നൈയുടെ സാധ്യതകളെ സജീവമാക്കി. പിന്നീട് താഹിറും രവീന്ദ്ര ജഡേജയും ഏതാനും ഓവറുകള്‍ മികച്ച രീതിയില്‍ എറിഞ്ഞുവെങ്കിലും അധികം വൈകാതെ ബൈര്‍സ്റ്റോ അടി തുടങ്ങുകയായിരുന്നു. ലക്ഷ്യം 28 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ താഹിര്‍ വിജയ് ശങ്കറെ പുറത്താക്കി.

താഹിര്‍ തന്റെ 4 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് തന്റെ രണ്ട് വിക്കറ്റ് നേടിയത്. രവീന്ദ്ര ജഡേജയും തന്റെ നാലോവര്‍ വെറും 22 റണ്‍സിനു എറിഞ്ഞ് തീര്‍ത്തുവെങ്കിലും ചെന്നൈയുടെ മറ്റു ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയതും ലക്ഷ്യം തീരെ ചെറുതായതിനാലും അധികം ബുദ്ധിമുട്ടില്ലാതെ ബൈര്‍സ്റ്റോയും ദീപക് ഹൂഡയും ലക്ഷ്യത്തിനടുത്തെത്തിച്ചു.

ദീപക് ഹൂഡയെ(13) നഷ്ടമാകുമ്പോള്‍ 2 റണ്‍സ് ജയത്തിനു വേണ്ടിയിരുന്ന സണ്‍റൈസേഴ്സ് ബൈര്‍സ്റ്റോ സിക്സ് അടിച്ച് മത്സരം അവസാനിപ്പിച്ചു. 16.5 ഓവറിലാണ് സണ്‍റൈസേഴ്സ് 133 റണ്‍സെന്ന ലക്ഷ്യം മറികടന്നത്. 44 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ ബൈര്‍സ്റ്റോ മൂന്ന് വീതം സിക്സും ഫോറുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.