തുടര്‍ച്ചയായ വിക്കറ്റുകളില്‍ ആടിയുലഞ്ഞ് ഡല്‍ഹി ബാറ്റിംഗ്, മാനം കാത്ത് വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ ഋഷഭ് പന്ത് ക്രീസില്‍ നില്‍ക്കവെ മികച്ച സ്കോറിലേക്ക് ഡല്‍ഹി നീങ്ങിമെന്ന് തോന്നിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീണത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിജയ് ശങ്കര്‍-ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുകെട്ട് നേടിയ 65 റണ്‍സാണ് 150 റണ്‍സ് കടക്കുവാന്‍ ഡല്‍ഹിയെ സഹായിച്ചത്. 20 ഓവര്‍ പിന്നിടുമ്പോള്‍ 162/5 എന്ന സ്കോറാണ് ഡല്‍ഹി നേടിയത്. 32 പന്തില്‍ നിന്നാണ് ആറാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് ഈ റണ്ണുകള്‍ നേടിയത്.

17 റണ്‍സ് നേടിയ പൃഥ്വി ഷാ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ 54 റണ്‍സുമായി കുതിക്കുയായിരുന്ന പന്ത്-അയ്യര്‍ കൂട്ടുകെട്ടിനെ ലുംഗിസാനി ഗിഡിയാണ് തകര്‍ത്തത്. 19 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ ഗിഡി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓവറിന്റെ അവസാന പന്തില്‍ ഋഷഭ് പന്തിനെയും പുറത്താക്കുമ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ 11 ഓവറില്‍ 81/3.

26 പന്തില്‍ 38 റണ്‍സ് നേടിയ പന്ത് 3 ബൗണ്ടറിയും 2 സിക്സുമാണ് മത്സരത്തില്‍ നേടിയത്. തുടര്‍ന്ന് ജഡേജ മാക്സ്വെല്ലിനെയും അഭിഷേക് ശര്‍മ്മയെ ശര്‍ദ്ധുല്‍ താക്കൂറും പുറത്താക്കിയപ്പോള്‍ ഡല്‍ഹി 97/5 എന്ന നിലയിലായി. 78/1 എന്ന നിലയില്‍ നിന്നാണ് 19 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമായത്.

36 റണ്‍സ് വീതം നേടി വിജയ് ശങ്കറും ഹര്‍ഷല്‍ പട്ടേലും ചേര്‍ന്ന് 20 ഓവറില്‍ ഡല്‍ഹിയുടെ സ്കോര്‍ 162 റണ്‍സില്‍ എത്തിക്കുകയായിരുന്നു.  16 പന്തില്‍ നിന്നാണ് ഹര്‍ഷല്‍ പട്ടേല്‍ തന്റെ 36 റണ്‍സ് നേടിയത്. അവസാന ഓവറില്‍ ഡ്വെയിന്‍ ബ്രാവോയെ നാല് സിക്സറുകള്‍ക്ക് ഡല്‍ഹി പറത്തിയപ്പോള്‍ മൂന്ന് സിക്സ് ഹര്‍ഷലും ഒരു സിക്സ് വിജയ ശങ്കറും നേടി.

ചെന്നൈയ്ക്കായി ഗിഡി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജഡേജ, ശര്‍ദ്ധുല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement