ചിരി പടര്‍ത്തി ആഷ്ടണ്‍ ടര്‍ണറുടെ ആദ്യ ഐപിഎല്‍ റണ്‍

- Advertisement -

കഴിഞ്ഞ മൂന്ന് അവസരങ്ങളിലും ആദ്യ പന്തില്‍ പുറത്തായ ശേഷം ഇന്ന് നിര്‍ണ്ണായകമായ ഘടത്തില്‍ രാജസ്ഥാന് വേണ്ടി ബാറ്റ് ചെയ്യാനെത്തിയ ആഷ്ടണ്‍ ടര്‍ണര്‍ ആദ്യ റണ്‍സ് നേടിയപ്പോള്‍ ഗ്രൗണ്ടിലെയും ഡഗൗട്ടിലെയും താരങ്ങളെല്ലാവരുടെയും മുഖത്ത് ചിരി പടരുന്നതാണ് കണ്ടത്. ഇന്നലെ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ വെറും 13 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.

അനായാസമെന്ന് തോന്നിപ്പിക്കുമെങ്കിലും മുമ്പ് പലതവണ സമാനമായ അവസ്ഥയില്‍ നിന്ന് തോല്‍വിയിലേക്ക് വീണ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സ്മിത്തിനു പകരം ക്രീസിലെത്തിയ ടര്‍ണറാകട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കാണ് ആയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഫ്ലിക് ചെയ്ത ശേഷം ആഷ്ടണ്‍ ടര്‍ണറുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നപ്പോള്‍ ഡഗൗട്ടില്‍ നിന്ന് കൈയ്യടികള്‍ ഉയരുകയായിരുന്നു.

മറുവശത്തുണ്ടായിരുന്നു സഞ്ജുവും പന്തെറിഞ്ഞ ഭുവിയുമെല്ലാം ഈ നര്‍മ്മ നിമിഷത്തില്‍ പങ്കാളിയാകുകയായിരുന്നു. മൂന്ന് ഡക്കുകള്‍ക്ക് ശേഷം വന്ന് ബാറ്റ് ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് മറുവശത്ത് ബാറ്റ് ചെയ്ത സഞ്ജു സാംസണും വ്യക്തമാക്കിയത്.

Advertisement