കിരീടം പിടിക്കാന്‍ കൊല്‍ക്കത്ത രാജാക്കന്മാര്‍

ഐപിഎല്‍-ല്‍ ഒരു ടീം മികവ് പുലര്‍ത്തണമെങ്കില്‍ അവരുടെ ഇന്ത്യന്‍ താരങ്ങളുടെ പങ്ക് ഏറെ വലുതാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. ബിഗ് ഹിറ്റിംഗ് ഓവര്‍സീസ് പ്ലേയര്‍മാര്‍ ഗ്രൗണ്ടില്‍ നിറഞ്ഞാടുമ്പോളും പലപ്പോഴും ഒരു ടീമിനെ ഒരു ടൂര്‍ണ്ണമെന്റിലുടനീളം നയിച്ചിട്ടുള്ളത് നമ്മള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ്. അത്തരത്തില്‍ ഏറ്റവുമധികം ഇന്ത്യന്‍ ടാലന്റിനെ ആശ്രയിക്കുന്ന ഒരു ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുന്‍പുള്ള സീസണുകളില്‍ അവരെ നയിച്ചിട്ടുള്ളത് അവരുടെ ഇന്ത്യന്‍ ആധിപത്യമുള്ള ബാറ്റിംഗ് നിരയും സ്പിന്‍ ബൗളിംഗ് ശക്തിയുമാണ്. ഇത്തവണയും ഈ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് തന്നെയാവും കിരീടം പിടിക്കാനായി കൊല്‍ക്കത്ത രാജാക്കന്മാര്‍ ഇറങ്ങുക.

ആ സ്പിന്‍ ശക്തിയെ ഏറെ മുന്നോട്ട് നയിച്ചിട്ടുള്ളത് ഈഡന്‍ ഗാര്‍ഡനിലെ പിച്ചിന്റെ സ്വഭാവരീതി തന്നെയാണ്. സ്പിന്നര്‍മാര്‍ക്ക് ഏറെ പിന്തുണയുള്ള ഈഡന്‍ ഗാര്‍ഡനിലെ പിച്ചിലാണ് സുനില്‍ നരേനും, പിയൂഷ് ചൗളയും എന്തിനേറെ ബ്രാഡ് ഹോഗ്ഗും തിളങ്ങിയിട്ടുള്ളത്. എന്നാല്‍ കൊല്‍ക്കത്തയിലെ ആ സ്പിന്‍ പിച്ചൊക്കെ പഴങ്കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ക്രിസ് വോക്സിനെയും ട്രെന്റ് ബൗള്‍ട്ടിനെയും വാങ്ങിയത് വഴി അതിന്റെ സൂചനയാണ് ടീം അധികൃതര്‍ സൂചിപ്പിക്കുന്നത്.

ശക്തരായ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിര. റോബിന്‍ ഉത്തപ്പയും നായകന്‍ ഗൗതം ഗംഭീറും നയിക്കുന്ന ഓപ്പണിംഗ്, മനീഷ് പാണ്ഡേ, യൂസഫ് പത്താന്‍ , സുര്യ കുമാര്‍ യാദവ് എന്നീ താരങ്ങള്‍ അവരുടെതായ ദിവസം ഒറ്റയ്ക്ക് മത്സരം വരുതിയിലാക്കാന്‍ കെല്പുള്ളവരാണ്. ക്രിസ് ലിന്‍, ഷാകിബ് ഹസന്‍ എന്നീ വിദേശ താരങ്ങളും ബാറ്റിംഗ് നിരയ്ക്ക് ഏറെ ശക്തി പകരുന്നവരാണ്. എന്നാല്‍ കൊല്‍ക്കത്ത ഇത്തവണ ഏറ്റവുമധികം നഷ്ടബോധത്തോടു കൂടി നോക്കി കാണുന്നത് ആന്‍ഡ്രേ റസ്സലിനെയാണ്. ഡോപ്പിംഗ് വിവാദവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്കാണ് ഈ വെസ്റ്റിന്‍ഡീസ് താരത്തിനു നല്‍കിയിരിക്കുന്നത്. ക്രിസ് വോക്സിനെ സൈന്‍ ചെയ്ത് ഇതിനൊരു പരിഹാരം കാണുവാനുള്ള ശ്രമം ടീം മാനേജ്മെന്റ് നടത്തിയിട്ടുണ്ടെങ്കിലും എത്രത്തോളം അത് വിജയമാകുമെന്ന് കാത്തിരുന്നു തന്നെ കാണണം.

നാല് വിദേശതാരങ്ങളില്‍ ആരെ ഇലവനില്‍ ഉള്‍പ്പെടുത്തും എന്നതാവും ഗംഭീറിനു ഈ സീസണില്‍ നേരിടേണ്ടി വരുന്ന ഏറ്റവും പ്രയാസകരമായ തീരുമാനം. സുനില്‍ നരൈന്‍, ട്രെന്റ് ബൗള്‍ട്ട്, ക്രിസ് വോക്സ് എന്നിവരില്‍ ഒരാള്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വരും. ഷാകിബ് അല്‍ ഹസന്‍, ക്രിസ് ലിന്‍ എന്നിവരാകും ടീമില്‍ സ്ഥാനം ഉറപ്പാക്കിയ വിദേശ താരങ്ങള്‍.

ഉമേഷ് യാദവ്, പിയൂഷ് ചൗള എന്നിവരാകും ഇന്ത്യന്‍ ബൗളിംഗ് സാന്നിധ്യങ്ങള്‍. പ്ലേ ഓഫ് ലക്ഷ്യം വെച്ചിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് രണ്ട് പ്രധാന സാഹചര്യങ്ങളെയാവും ഈ വര്‍ഷം നേരിടേണ്ടി വരിക. ഒന്ന് ആന്‍ഡ്രേ റസ്സലില്ലാതെയൊരു സീസണ്‍, രണ്ട് ഇത്രയും കാലം കളിച്ച് ശീലിച്ച സ്പിന്‍ സാഹചര്യങ്ങളില്‍ നിന്നുള്ള മാറ്റം എത്രത്തോളം ഉള്‍ക്കൊള്ളാനാകുമെന്നുള്ളത്.


Previous articleചെൽസി തോറ്റു, യുണൈറ്റഡിന് വീണ്ടും സമനില 
Next articleWith Change of guard, Punjab dreams Big