ബുംറയ്ക്കെതിരെയുള്ള സൂപ്പര്‍ ഓവര്‍ തന്റെ മൈന്‍ഡ്സെറ്റ് മാറ്റി – വിരാട് കോഹ്‍ലി

Viratkohli
- Advertisement -

ഐപിഎലില്‍ ആദ്യ മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ വിരാട് കോഹ്‍ലിയ്ക്ക് ബാംഗ്ലൂരിന്റെ അവസാന രണ്ട് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്തിയിരുന്നു. ഡല്‍ഹിയ്ക്കെതിരെയുള്ള തോല്‍വിയില്‍ ചേസ് ചെയ്യുമ്പോള്‍ 43 റണ്‍സ് നേടിയ താരം ഇന്നലെ തന്റെ പഴയ ഫോമിലേക്ക് തിരികെ എത്തുന്നതാണ് കണ്ടത്. 52 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ കോഹ്‍ലിയുടെ പ്രകടനത്തിന്റെയും പിന്നെ ബൗളര്‍മാരുടെ മികാവര്‍ന്ന പ്രകടനം കൂടി വന്നപ്പോള്‍ ആധികാരിക ജയമാണ് ചെന്നൈയ്ക്കെതിരെ ഇന്നലെ ആര്‍സിബി നേടിയത്.

മുംബൈയ്ക്കെതിരെ തന്റെ ടീമിന്റെ സൂപ്പര്‍ ഓവര്‍ വിജയത്തില്‍ ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ താരത്തിനെതിരെ താന്‍ കളിച്ച പുള്‍ഷോട്ട് ആണ് തന്റെ മൈന്‍ഡ്സൈറ്റ് മാറ്റിയതെന്ന് കോഹ്‍ലി പറഞ്ഞു. ആ ഷോട്ടിന് മുമ്പ് വരെ താന്‍ വേറെന്തൊക്കെയോ ചെയ്യുവാന്‍ ശ്രമിച്ച് തന്നെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്ന് കോഹ്‍ലി വ്യക്തമാക്കി.

ആ സൂപ്പര്‍ ഓവറില്‍ എല്ലാ പന്തും കണക്ട് ചെയ്യേണ്ടതുണ്ടെന്ന ചിന്തയാണ് തന്നെ മാറ്റിയതെന്നും അതിന് ശേഷം പന്ത് ശ്രദ്ധിച്ച് കളിക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും കോഹ്‍ലി പറഞ്ഞു. അതിന് ശേഷം തനിക്ക് പരിശീലനത്തിലും ബാറ്റിംഗിലും കൂടുതല്‍ സന്തോഷം കണ്ടെത്തുവാന്‍ കഴിയുന്നുവെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

 

Advertisement