അതിഗംഭീരം ബൈര്‍സ്റ്റോ, അഞ്ച് വിക്കറ്റ് ജയവുമായി സണ്‍റൈസേഴ്സ്

- Advertisement -

ഡല്‍ഹി ക്യാപിറ്റല്‍സിനെ 129 റണ്‍സിനു പുറത്താക്കി ലക്ഷ്യം 18.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ തിളങ്ങുവാന്‍ പാടുപെട്ട പ്രയാസകരമായ പിച്ചില്‍ സണ്‍റൈസേഴ്സിനു വേണ്ടി ബൈര്‍സ്റ്റോയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിനു കാര്യം എളുപ്പമാക്കിയത്. 28 പന്തില്‍ നിന്ന് 9 ബൗണ്ടറിയും 1 സിക്സും സഹിതം 48 റണ്‍സ് നേടിയ ബൈര്‍സ്റ്റോ തന്റെ അര്‍ദ്ധ ശതകത്തിനു രണ്ട് റണ്‍സ് അകലെ വെച്ചാണ് രാഹുല്‍ തെവാത്തിയ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.

ബൈര്‍സ്റ്റോ പുറത്തായ ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ റണ്‍ വിട്ട് നല്‍കാതെയും വിക്കറ്റ് വീഴ്ത്തിയും സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ ജയം സ്വന്തമാക്കുവാന്‍ സണ്‍റൈസേഴ്സിനു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മനീഷ് പാണ്ഡേയും, വിജയ് ശങ്കറും, ദീപക് ഹൂഡയുമെല്ലാം അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്.

അവസാന നാലോവറില്‍ 19 റണ്‍സായിരുന്നു സണ്‍റൈസേഴ്സിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. കാഗിസോ റബാഡ എറിഞ്ഞ 17ാം ഓവറില്‍ സിംഗിളുകള്‍ നേടി മുഹമ്മദ് നബിയും യൂസഫ് പത്താനും റിസ്ക് എടുക്കാതെ ഹൈദ്രാബാദിനെ മുന്നോട്ട് നയിച്ചു. ഓവറില്‍ നിന്ന് വെറും മൂന്ന് റണ്‍സാണ് താരം വിട്ട് നല്‍കിയത്.

റബാഡ എറിഞ്ഞ 19ാം ഓവറില്‍ ഒരു ബൗണ്ടറിയും സിക്സും നേടി മുഹമ്മദ് നബി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. മുഹമ്മദ് നബി 9 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയപ്പോള്‍ യൂസഫ് പത്താന്‍ 9 റണ്‍സും നേടി നിര്‍ണ്ണായകമായ 20 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്.

Advertisement