
ഹൈദ്രാബാദിനെതിരെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി രാജസ്ഥാന് റോയല്‍സ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി ഹൈദ്രാബാദ് ബൗളര്‍മാര്‍ രാജസ്ഥാന് ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കിയ മത്സരത്തില്‍ ഷാകിബും സിദ്ധാര്‍ത്ഥ് കൗളും ഹൈദ്രാബാദ് ബൗളര്‍മാരില്‍ വേറിട്ടു നിന്നു. അര്‍ദ്ധ ശതകം നഷ്ടമായെങ്കിലും സഞ്ജുവിന്റെ 49 റണ്‍സ് മാത്രമാണ് രാജസ്ഥാന് നിരയില്‍ എടുത്ത് പറയാവുന്ന പ്രകടനം.
20 ഓവറില്‍ രാജസ്ഥാനു 9 വിക്കറ്റുകളുടെ നഷ്ടത്തിലാണ് 125 റണ്‍സ് മാത്രമേ നേടാനായുള്ളു. ആദ്യ ഓവറില്‍ ഷോര്‍ട്ടിനെ റണ്‍ഔട്ട് രൂപത്തില്‍ നഷ്ടമായെങ്കിലും പിന്നീട് സഞ്ജുവും രഹാനെയും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തുകയായിരുന്നു. സഞ്ജു തന്നെയാണ് സ്കോറിംഗില്‍ ഭൂരിഭാഗവും നടത്തിയത്. രഹാനയെയും ബെന്‍ സ്റ്റോക്സിനെയും തുടരെ നഷ്ടമായതോടെ രാജസ്ഥാന് സ്കോറിംഗും മന്ദഗതിയിലായി.
രാഹുല്‍ ത്രിപാഠി 15 പന്തില്‍ 17 റണ്‍സ് നേടിയെങ്കിലും ഷാകിബിനെ അവസാന ഓവറില്‍ കടന്നാക്രമിക്കുവാന്‍ ശ്രമിച്ച് പുറത്താകുകയായിരുന്നു. മൂന്ന് പന്തുകള്‍ക്ക് ശേഷം സഞ്ജുവിനെയും മടക്കി ഷാകിബ് തന്റെ സ്പെല്‍ പൂര്‍ത്തിയാക്കി. ശ്രേയസ്സ് ഗോപാല്‍ നേടിയ 18 റണ്‍സാണ് രാജസ്ഥാനെ 120 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്.
ഷാകിബും സിദ്ധാര്‍ത്ഥ് കൗളും രണ്ട് വീതം വിക്കറ്റ് വീഴത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലേക്ക്, റഷീദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റ് ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial