
തമിഴ്നാട്ടില്‍ കാവേരി നദി ജല തര്‍ക്കം കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഐപിഎലിനും തിരിച്ചടി ലഭിച്ചേക്കാമെന്ന് സൂചന. ഇന്ന് മാധ്യമങ്ങളെ കണ്ട് സംസാരിക്കവേ രജനികാന്ത് ഐപിഎല്‍ മത്സരങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇതോടെ മറ്റു പാര്‍ട്ടികളും ഇതേറ്റു പിടിക്കുവാന്‍ സാധ്യതയുണ്ടെന്നും മത്സരങ്ങള്‍ തമിഴ്നാട്ടില്‍ നടത്തുക ദുഷ്കരമാകുമെന്നുമുള്ള വാദം ശക്തി പ്രാപിക്കവേയാണ് തമിഴ്നാടിന്റെ അയല്‍ സംസ്ഥാനമായ കേരളത്തിലെ തിരുവനന്തപുരത്തുള്ള സ്പോര്‍ട്സ് ഹബ്ബ് മത്സരങ്ങള്‍ക്ക് വേദിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്.
എന്നാല്‍ 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ച് ഐപിഎലിലേക്ക് എത്തിയിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനും അവരുടെ ആരാധകര്‍ക്കും തങ്ങളുടെ ഒരു ഹോം മത്സരം പോലും വേദി മാറ്റി പരിഗണിക്കുന്നതിനെക്കുറിച്ച് താല്പര്യമുണ്ടാകാനിടയില്ല. എന്നാല്‍ തമിഴ്നാട്ടില്‍ കാവേരി പ്രശ്നം ആളിക്കത്തിയാല്‍ ബിസിസിഐയ്ക്കും ഫ്രാഞ്ചൈസിയ്ക്കും വേറെ മാര്‍ഗങ്ങളൊന്നും തന്നെയുണ്ടാകില്ല എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
തമിഴ്നാട്ടില്‍ കാവേരി പ്രശ്നം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത് ശരിയല്ലായെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സിനിമ സംഘടനകളുടെയും വാദം. കറുത്ത ബാഡ്ജ് അണിഞ്ഞ് താരങ്ങള്‍ മത്സരത്തിനിറങ്ങണമെന്ന് വരെ വാദിക്കുന്നവര്‍ ഇവര്‍ക്കിടയിലുണ്ട്. ഇന്ന് രജനിയുടെ പ്രഖ്യാപനം കൂടിയെത്തുമ്പോള്‍ കാര്യം കൂടുതല്‍ വഷളാകുവാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial