ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ്

- Advertisement -

സണ്‍റൈസേഴ്സിനെ മൂന്നാം വിജയത്തിലേക്ക് നയിച്ച് കെയിന്‍ വില്യംസണ്‍. അര്‍ദ്ധ ശതകം നേടിയ പ്രകടനത്തോടെ ഹൈദ്രാബാദ് നായകന്റെ പ്രകടനമാണ് സണ്‍റൈസേഴ്സിനു വിജയം ഉറപ്പാക്കിയത്. മത്സരം അവസാനിക്കുവാന്‍ മൂന്നോവറുകള്‍ ശേഷിക്കെ വില്യംസണ്‍ പുറത്തായെങ്കിലും യൂസഫ് പത്താന്റെ മികച്ച ബാറ്റിംഗ് പ്രകടനം കൊല്‍ക്കത്തയില്‍ ആദ്യമായി വിജയം നേടുന്നതില്‍ സണ്‍റൈസേഴ്സിനെ സഹായിച്ചു. മുന്‍ കൊല്‍ക്കത്ത താരങ്ങളായ ഷാകിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍ എന്നിവര്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 5 വിക്കറ്റിന്റെ ജയമാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നേടിയത്.

കൊല്‍ക്കത്ത നല്‍കിയ 139 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിനു ഓപ്പണര്‍മാരെ പവര്‍ പ്ലേയ്ക്കുള്ളില്‍ തന്നെ നഷ്ടമായി. വൃദ്ധിമന്‍ സാഹയാണ് ഓപ്പണര്‍മാരില്‍ തിളങ്ങിയത്. 15 പന്തില്‍ 24 റണ്‍സാണ് താരം നേടിയത്. 55/3 എന്ന നിലയില്‍ നിന്ന് കെയിന്‍ വില്യംസണ്‍-ഷാകിബ് അല്‍ ഹസന്‍ കൂട്ടുകെട്ടാണ് ഹൈദ്രാബാദിനെ വിജയത്തിനു 25 റണ്‍സ് അകലെ വരെ എത്തിച്ചിരുന്നു.

59 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 27 റണ്‍സ് നേടിയ ഷാകിബിനെ പുറത്താക്കി പിയൂഷ് ചൗളയാണ് കൂട്ടുകെട്ട് തകര്‍ത്തത്. 18ാം ഓവറിന്റെ രണ്ടാം പന്തില്‍ കെയിന്‍ വില്യംസണെ ആന്‍ഡ്രേ റസ്സലിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ ജോണ്‍സണ്‍ വീണ്ടും കൊല്‍ക്കത്ത ക്യാമ്പില്‍ പ്രതീക്ഷയുണര്‍ത്തി. 3 ഓവറില്‍ 21 റണ്‍സ് വേണ്ടിയിരുന്ന ടീമിനു 18ാം ഓവറിലെ അവസാന രണ്ട് പന്തുകളിലായി ഒരു ബൗണ്ടറിയും ഡബിളും നേടി യൂസഫ് പത്താന്‍ ലക്ഷ്യം 12 പന്തില്‍ 13 റണ്‍സായി കുറച്ചു.

19ാം ഓവറിന്റെ അവസാന പന്തില്‍ റസ്സലിനെ സിക്സര്‍ പറത്തി യൂസഫ് പത്താന്‍ ടീമിനെ വിജത്തിലേക്ക് നയിച്ചു. 7 പന്തില്‍ 17 റണ്‍സാണ് യൂസഫ് പത്താന്‍ നേടിയത്. സുനില്‍ നരൈനാണ് ഓപ്പണര്‍മാര്‍ രണ്ട് പേരെയും പുറത്താക്കിയത്. 4 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കിയാണ് ഓപ്പണര്‍മാരുടെ വിക്കറ്റ് സുനില്‍ നരൈന്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement