ചെന്നൈയ്ക്ക് അവസാനം വരെ പ്രതീക്ഷ നല്‍കിയെങ്കിലും വിജയം പിടിച്ചെടുത്ത് വാര്‍ണരും കൂട്ടരും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ചെന്നൈ ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും വിജയം കൈവിടാതെ സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. 19ാം ഓവറിലെ ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക് സണ്‍റൈസേഴ്സിന് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും മികച്ച ഫിറ്റ്നെസ്സില്ലാത്ത ധോണിയും ഇന്നിംഗ്സിന്റെ അവസാനത്തോടെ ബുദ്ധിമുട്ടിയപ്പോള്‍ ഏഴ് റണ്‍സിന്റെ വിജയം സണ്‍റൈസേഴ്സ് പിടിച്ചെടുത്തു. 20 ഓവറില്‍ 157/5 എന്ന സ്കോറാണ് ചെന്നൈ നേടിയത്.

Dhonijadeja

പത്തോവറില്‍ 44 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസി മാത്രമാണ് ടോപ് ഓര്‍ഡറില്‍ അല്പമെങ്കിലും ചെറുത്ത് നില്പ് നടത്തി നോക്കിയത്. 22 റണ്‍സ് നേടിയ താരം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. പിന്നീട് എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍  ചെന്നൈ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.

42/4 എന്ന നിലയില്‍ നിന്ന് 15 ഓവറില്‍ 79/4 എന്ന നിലയിലേക്ക് ചെന്നൈയെ ഇവര്‍ എത്തിച്ചു. ഇതോടെ 30 പന്തില്‍ നിന്ന് ലക്ഷ്യം 86 റണ്‍സെന്ന നിലയിലേക്ക് നീങ്ങി. 17ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി നേടുവാന്‍ ജഡേജയ്ക്ക് സാധിച്ചപ്പോള്‍ ഓവറില്‍ നിന്ന് 15 റണ്‍സ് പിറന്നു. ഇതോടെ ലക്ഷ്യം 18 പന്തില്‍ 63 റണ്‍സായി മാറി.

നടരാജന്റെ അടുത്ത ഓവറില്‍ ഒരവസരം ജഡേജ നല്‍കിയെങ്കിലും അതീവ കഠിനമായ അവസരം മനീഷ് പാണ്ടേ കൈവിടുകയും പന്ത് ബൗണ്ടറിയിലേക്കും പോയി. അടുത്ത പന്തില്‍ ഡബിള്‍ ഓടിയ താരം ഓവറിലെ അടുത്ത പന്തില്‍ സിക്സ് നേടി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 34 പന്തില്‍ നിന്നാണ് ജഡേജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

Natarajan

എന്നാലടുത്ത പന്തില്‍ തന്നെ നടരാജന്‍ ജഡേജയെ അബ്ദുള്‍ സമാദിന്റെ കൈകളിലെത്തിച്ച് ചെന്നൈയ്ക്ക് തിരിച്ചടി നല്‍കി. 56 പന്തില്‍ നിന്ന് 72 റണ്‍സാണ് ചെന്നൈയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. പിന്നീട് ക്രീസിലെത്തിയ സാം കറന്‍ സിക്സും ഒരു ഡബിളും നേടിയപ്പോള്‍ ഓവറില്‍ നിന്ന് ചെന്നൈ 19 റണ്‍സ് നേടി.

Bhuvneshwar Kumar

ഇതോടെ ലക്ഷ്യം 12 പന്തില്‍ 44 റണ്‍സായി മാറി. 19ാം ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാറിന് ഒരു ബോളിന് ശേഷം പരിക്കേറ്റ് പിന്മാറേണ്ടി വന്നതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. ഓവര്‍ പൂര്‍ത്തിയാക്കുവാനെത്തിയ ഖലീല്‍ അഹമ്മദിന്റെ അടുത്ത പന്തില്‍ സമാദ് മിസ് ഫീല്‍ഡിലൂടെ പന്ത് ബൗണ്ടറിയിലേക്ക് നയിച്ചു. ഖലീലിന്റെ അവസാന രണ്ട് പന്തില്‍ നിന്ന് ധോണി ഒരു സിക്സും ഒരു സിംഗിളും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 16 റണ്‍സും അവസാന ഓവറിലെ ലക്ഷ്യം 28 റണ്‍സുമായി മാറി.

അവസാന ഓവര്‍ എറിയുവാനെത്തിയ അബ്ദുള്‍ സമാദ് എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയി ബൗണ്ടറി പോയപ്പോള്‍ ലക്ഷ്യം ആറ് പന്തില്‍ നിന്ന് 23 റണ്‍സായി മാറി. അടുത്ത പന്തില്‍ ഡബിള്‍ നേടിയ ധോണി രണ്ടാം പന്തില്‍ ബൗണ്ടറി നേടി. അടുത്ത പന്തില്‍ ധോണിയ്ക്ക് സിംഗിള്‍ മാത്രം നേടാനായപ്പോള്‍ സാം കറനും വലിയ ഷോട്ടുകള്‍ നേടുവാനാകാതെ പോയപ്പോള്‍ 7 റണ്‍സ് വിജയം സണ്‍റൈസേഴ്സിന് ലഭിച്ചു.

ധോണി 36 പന്തില്‍ നിന്ന് പുറത്താകാതെ 47 റണ്‍സ് നേടുകയായിരുന്നു.