
ഇരു ഭാഗത്തേക്കും മാറി മറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനെ 146 റണ്‍സിനു വരിഞ്ഞുകെട്ടി മികച്ച ബൗളിംഗ് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുറത്തെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമേ നേടാനായുള്ളു. 12 റണ്‍സ് അവസാന ഓവറില്‍ വേണ്ടിയിരുന്ന ബാംഗ്ലൂരിനു ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 6 റണ്‍സ് മാത്രമേ നേടാനായുള്ളു.
അനായാസമെന്ന് തോന്നിപ്പിച്ച 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനു പാര്‍ത്ഥിവ് പട്ടേല്‍ മികച്ച തുടക്കമാണ് നല്‍കിയത്. 13 പന്തില്‍ 20 റണ്‍സ് നേടിയ പാര്‍ത്ഥിവിനെ ഷാകിബ് അല്‍ ഹസന് പുറത്താക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുവാന്‍ വോറയ്ക്ക് കഴിഞ്ഞില്ലെങ്കിലും വിരാട് കോഹ്ലി സണ്‍റൈസേഴ്സ് ബൗളര്‍മാരെ കടന്നാക്രമിക്കുക എന്ന ലക്ഷ്യവുമായാണ് ക്രീസിലെത്തിയത്. രണ്ടാം വിക്കറ്റായി വോറ(8) പുറത്താകുമ്പോള്‍ 60 റണ്‍സായിരുന്നു ബാംഗ്ലൂരിന്റെ സ്കോര്‍.
10, 11, 12 ഓവറുകളില്‍ വിക്കറ്റുകളുമായി സണ്‍റൈസേഴ്സ് മത്സരത്തിലേക്ക് തിരച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 74/2 എന്ന നിലയില്‍ നിന്ന് 84/5 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീഴുകയായിരുന്നു. വിരാട് കോഹ്ലി(39), എബി ഡി വില്ലിയേഴ്സ്(5), മോയിന്‍ അലി(10) എന്നിവരെയാണ് ബാംഗ്ലൂരിനു നഷ്ടമായത്. കോഹ്ലിയെ ഷാകിബും എബിഡിയെ റഷീദ് ഖാനും പുറത്താക്കിയപ്പോള്‍ സിദ്ധാര്‍ത്ഥ് കൗള്‍ ആണ് മോയിന്‍ അലിയെ മടക്കിയയച്ചത്.
ആറാം വിക്കറ്റില്‍ മന്ദീപ് സിംഗ്-കോളിന് ഡി ഗ്രാന്‍ഡോം കൂട്ടുകെട്ടാണ് വീണ്ടും ബാംഗ്ലൂര്‍ ക്യാമ്പില്‍ പ്രതീക്ഷ പരത്തിയത്. റഷീദ് ഖാന് എറിഞ്ഞ 17ാം ഓവറില്‍ രണ്ട് സിക്സര്‍ നേടി കോളിന് ഡി ഗ്രാന്‍ഡോം വീണ്ടും മത്സരത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുവരികയായിരുന്നു. അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു ജയത്തിനായി ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്.
സിദ്ധാര്‍ത്ഥ് കൗള്‍ ഏഴ് റണ്‍സ് മാത്രം വിട്ടു നല്കിയപ്പോള് ലക്ഷ്യം അവസാന ഓവറില്‍ 12 എന്ന നിലയിലായി. ബൗളിംഗ് ചുമതല ഭുവനേശ്വര്‍ കുമാറിനെയാണ് കെയിന്‍ വില്യംസണ് ഏല്പിച്ചത്. ആദ്യ അഞ്ച് പന്തുകളില്‍ 6 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ അവസാന പന്തില്‍ കോളിന് ഡി ഗ്രാന്‍ഡോമിനെ ബൗള്‍ഡാക്കി ജയം സണ്‍റൈസേഴ്സിനു നല്‍കുകയായിരുന്നു.
ആറാം വിക്കറ്റില്‍ 57 റണ്‍സാണ് ഗ്രാന്‍ഡോം മന്ദീപ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ ടീമിനെ അതിര്‍ത്തി കടത്തുക എന്നതിനു അവര്‍ക്ക് സാധിച്ചതുമില്ല. മന്ദീപ് 21 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഗ്രാന്‍ഡോം അവസാന പന്തില്‍ പുറത്തായി. 33 റണ്‍സായിരുന്നു ഗ്രാന്‍ഡോമിന്റെ സംഭാവന. സണ്‍റൈസേഴ്സ് ബൗളര്‍മാരില്‍ രണ്ട് വിക്കറ്റ് നേടി ഷാകിബ് ആണ് വിക്കറ്റ് വേട്ടയില്‍ മുന്നിലെങ്കിലും സന്ദീപ് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, റഷീദ് ഖാന് എന്നിവരും ഓരോ വിക്കറ്റുകള്‍ നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial