
ബൗളിംഗ് കരുത്തില്‍ വീണ്ടുമൊരു ജയമൊരുക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കിംഗ്സ് ഇലവന് പഞ്ചാബ് ഓപ്പണര്‍മാര്‍ ഒരുക്കിയ മികച്ച തുടക്കത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ സണ്‍റൈസേഴ്സ് നടത്തിയത്. 132 റണ്‍സ് ഡിഫെന്‍ഡ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്സ് കിംഗ്സ് ഇലവന് പഞ്ചാബിനെ 119 റണ്‍സിനു ഓള്‍ഔട്ട് ആക്കി 13 റണ്‍സിന്റെ ജയമാണ് മത്സരത്തില്‍ ഇന്ന് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനു ഓവര്‍ എറിഞ്ഞ ബേസില്‍ തമ്പി രണ്ടാമത്തെ പന്തില്‍ രാജ്പുതിനെ പുറത്താക്കുകയായിരുന്നു.
55/0 എന്ന നിലയില്‍ നിന്നാണ് കിംഗ്സ് ഇലവന് പഞ്ചാബ് മത്സരം കൈവിട്ടത്. എട്ടാം ഓവര്‍ എറിഞ്ഞ റഷീദ് ഖാന് കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മത്സരത്തിലെ ആദ്യ പഞ്ചാബ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയിലിനെ പുറത്താക്കി ബേസില്‍ തമ്പി രണ്ടാം വിക്കറ്റ് നേടി. മയാംഗ് അഗര്‍വാല്‍(12)-കരുണ്‍ നായര്‍(13) കൂട്ടുകെട്ട് വീണ്ടും മത്സരത്തിലേക്ക് പഞ്ചാബിനെ തിരിച്ചുകൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ഷാകിബും റഷീദ് ഖാനും യഥാക്രമം ഇവരുടെ വിക്കറ്റുകള്‍ വീഴ്ത്തി.
പിന്നീട് മത്സരത്തില്‍ തുടരെ വിക്കറ്റുകള്‍ നേടി ശക്തമായ സാന്നിധ്യം ഹൈദ്രാബാദ് ബൗളര്‍മാര്‍ പ്രകടമാക്കുകയായിരുന്നു. 20 ഓവറില്‍ 119 റണ്‍സ് മാത്രമേ പഞ്ചാബിനു നേടാനായുള്ളു.
സണ്‍റൈസേഴ്സ് നിരയില്‍ റഷീദ് ഖാന് മൂന്ന് വിക്കറ്റുകള്‍ നേടി. തന്റെ നാലോവറില്‍ 19 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. സ്പെല്ലിലെ അവസാന രണ്ട് പന്തില്‍ മുജീബ് റഹ്മാന് നേടിയ രണ്ട് ബൗണ്ടറില്ലായിരുന്നേല് റണ്‍സ് വിട്ടുകൊടുക്കുന്നതിലും റഷീദ് പിശുക്ക് കാട്ടിയേനെ. സന്ദീപ് ശര്‍മ്മ, ഷാകിബ് അല്‍ ഹസന്, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial