
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മാസ്മരിക പ്രകടനം. ബാംഗ്ലൂര്‍ നിരയില്‍ ക്വിന്റണ്‍ ഡിക്കോക്കും എബിഡിയും അടിച്ച് തകര്‍ത്തപ്പോള്‍ എബിഡിയെയും തൊട്ടടുത്ത പന്തില്‍ കോറെ ആന്‍ഡേഴ്സണെയും പുറത്താക്കി ഇമ്രാന് താഹിര്‍ ചെന്നൈ നിരയില്‍ തിളങ്ങി. അവസാന ഓവറുകളില്‍ മന്ദീപും അടിച്ച് തകര്‍ത്തുവെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ബാംഗ്ലൂരിനു 200 കടക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് കരുതി. വാഷിംഗ്ടണ്‍ സുന്ദര്‍ 4 പന്തില്‍ 13 റണ്‍സ് നേടി അവസാന മൂന്ന് പന്തില്‍ ആര്‍സിബി സ്കോര്‍ 205ല്‍ എത്തിക്കുകയായിരുന്നു. 8 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.
വിരാട് കോഹ്ലിയെ വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മികവില്‍ ആര്‍സിബി മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
103 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 37 പന്തില്‍ 53 റണ്‍സ് നേടിയ ഡിക്കോക്കിനെ ബ്രാവോ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. 4 സിക്സുകളാണ് ഡിക്കോക്ക് തന്റെ ഇന്നിംഗ്സില്‍ നേടിയത്. ആ ഓവറില്‍ മെയിഡന്‍ നേടിയാണ് ബ്രാവോ തന്റെ ഓവര്‍ പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ രണ്ടാമത്തെ മെയിഡന്‍ ഓവര്‍ ആയിരുന്നു അത്. നേരത്തെ ശര്‍ദ്ധുല്‍ താക്കൂര്‍ മെയിഡന്‍ സ്വന്തമാക്കിയിരുന്നു.
220 റണ്‍സ് അനായാസം നേടുമെന്ന് കരുതിയ ആര്‍സിബിയ്ക്ക് ഇമ്രാന് താഹിര്‍ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ ഇരട്ട പ്രരമാണ് നേരിട്ടത്. ഓവറിന്റെ അഞ്ച്, ആറ് പന്തുകള്‍ ഇമ്രാന് താഹിര്‍ എബിഡിയെയും കോറെ ആന്‍ഡേഴ്സണെയും പുറത്താക്കുകയായിരുന്നു. 30 പന്തില്‍ 68 റണ്‍സ് നേടിയ ഡിവില്ലയേഴ്സ് തീര്‍ത്തും അപകടകാരിയായി മാറിയ നിമിഷത്തിലാണ് താഹിറിന്റെ പ്രഹരം. 8 സിക്സുകളാണ് ഇന്നിംഗ്സില്‍ എബിഡി അടിച്ചത്.
ഇരുവരും പുറത്തായ ശേഷം മന്ദീപ് സിംഗ്-കോളിന് ഗ്രാന്‍ഡോം കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 49 റണ്‍സാണ് അവസാന ഓവറുകളില്‍ പ്രതീക്ഷിച്ചത്ര സ്കോറിലല്ലെങ്കിലും മികച്ച സ്കോറിലേക്ക് ആര്‍സിബിയെ നയിച്ചത്. 17 പന്തില്‍ 32 റണ്‍സ് നേടി മന്ദീപ് നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം നടത്തി.
ചെന്നൈ നിരയില്‍ ഇമ്രാന് താഹിര്‍, ഡ്വെയിന്‍ ബ്രാവോ, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial