ആദ്യം ഗില്‍ പിന്നെ റസ്സല്‍, 178/7 എന്ന സ്കോറിലേക്ക് എത്തി കൊല്‍ക്കത്ത

- Advertisement -

ഓപ്പണര്‍മാരെ ഇരുവരെയും മാറ്റി ജോ ഡെന്‍ലിയെയും ശുഭ്മന്‍ ഗില്ലിനെയും ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും ആദ്യ പന്തില്‍ തന്നെ ജോ ഡന്‍ലിയെ നഷ്ടമായ ശേഷം ശുഭ്മന്‍ ഗില്ലിന്റെയും പിന്നീട് ആന്‍ഡ്രേ റസ്സലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 178 റണ്‍സിലേക്ക് എത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് നേടിയ ശേഷം റോബിന്‍ ഉത്തപ്പ പുറത്തായെങ്കിലും 39 പന്തില്‍ 65 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും 21 പന്തില്‍ 45 റണ്‍സ് നേടി റസ്സലുമാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനെ പിടിച്ചുയര്‍ത്തിയത്.

ശുഭ്മന്‍ ഗില്‍ 7 ബൗണ്ടറിയും 2 സിക്സുമാണ് നേടിയത്. അതേ സമയം റസ്സല്‍ 3 ഫോറും 4 സിക്സും സഹിതം തന്റെ പതിവു ശൈലിയില്‍ അടിച്ചു തകര്‍ത്തു. റോബിന്‍ ഉത്തപ്പ 28 റണ്‍സ് നേടി പുറത്തായപ്പോള്‍ പിയൂഷ് ചൗള 6 പന്തില്‍ 14 റണ്‍സ് നേടി.

ഡല്‍ഹി ക്യാപിറ്റല്‍സിനായി ക്രിസ് മോറിസ്, കീമോ പോള്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ഒരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും ഇഷാന്ത് ശര്‍മ്മയാണ് ഡല്‍ഹി ബൗളര്‍മാരില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇഷാന്റ് നാലോവറില്‍ 21 റണ്‍സാണ് വിട്ട് നല്‍കിയത്.

Advertisement