കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച് ശുഭ്മന്‍ ഗില്ലും ദിനേശ് കാര്‍ത്തിക്കും

- Advertisement -

ഐപിഎല്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 36 പന്തില്‍ 83 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍-ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടാണ് 17.4 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുവാന്‍ സഹായിച്ചത്. തന്റെ കന്നി ഐപിഎല്‍ അര്‍ദ്ധ ശതകം നേടിയ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമാകുകയായിരുന്നു. ധോണിയുടെ നിര്‍ണ്ണായകമായ ക്യാച്ച് ഫീല്‍ഡിംഗിനിടെ കൈവിട്ട ഗില്‍ അതിന്റെ കോട്ടം ബാറ്റിംഗിലൂടെ നികത്തുകയായിരുന്നു. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത സുനില്‍ നരൈന്‍ ആണ് കളിയിലെ താരം.

സ്പിന്നര്‍മാര്‍ പിടിമുറുക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിംഗ്സില്‍ ധോണിയുടെ ബാറ്റിംഗ് മികവില്‍ 177 റണ്‍സില്‍ എത്തിയ ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ ക്രിസ് ലിന്നിന്റെ വിക്കറ്റ് നേടാനായിരുന്നു. സുനില്‍ നരൈന്‍ ഒരു വശത്ത് തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ റോബിന്‍ ഉത്തപ്പയ്ക്ക് ക്രീസില്‍ എറെ നേരം നില്‍ക്കാനായില്ല.

32 റണ്‍സ് നേടിയ സുനില്‍ നരൈനേ നഷ്ടമാകുമ്പോള്‍ 6.4 ഓവറില്‍ കൊല്‍ക്കത്ത 64/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ റിങ്കു സിംഗുമായി(16) 33 റണ്‍സ് ശുഭ്മന്‍ ഗില്‍ നേടിയെങ്കിലും കൂട്ടുകെട്ട് ഹര്‍ഭജന്‍ തകര്‍ത്തു. പിന്നീട് ക്രീസിലെത്തിയ നായകന്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം ശുഭ്മന്‍ ഗില്‍ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തി സിംഗിളുകളും ഡബിളുകളും നേടി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.

14 ഓവറില്‍ 120/4 എന്ന നിലയിലായിരുന്ന കൊല്‍ക്കത്ത കെഎം ആസിഫ് എറിഞ്ഞ 15ാം ഓവറിലാണ് മത്സരം തങ്ങളുടെ പക്ഷത്തേക്ക് മാറ്റിയത്. മൂന്ന് സിക്സ് സഹിതം 21 റണ്‍സാണ് കൊല്‍ക്കത്ത ആ ഓവറില്‍ നേടിയത്. ശുഭ്മന്‍ ഗില്‍ രണ്ട് സിക്സ് നേടിയപ്പോള്‍ കാര്‍ത്തിക് ഒരു സിക്സ് നേടി. തൊട്ടടുത്ത ഓവറില്‍ ജഡേജയ്ക്കെതിരെ ഡബിള്‍ നേടി ശുഭ്മന്‍ ഗില്‍ തന്റെ കന്നി അര്‍ദ്ധ ശതകം നേടി.

17.4 ഓവറില്‍ 6 വിക്കറ്റ് വിജയം നേടുമ്പോള്‍ ശുഭ്മന്‍ ഗില്‍ 36 പന്തില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 18 പന്തില്‍ 45 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്തയുടെ വിജയം വേഗത്തിലാക്കി. 36 പന്തില്‍ നിന്ന് 83 റണ്‍സാണ് അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

ചെന്നൈയ്ക്കായി ലുംഗിസാനി ഗിഡി, കെഎം ആസിഫ്, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍ ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement