ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യര്‍, ആറില്‍ ആറും പരാജയപ്പെട്ട് കോഹ്‍ലിയും സംഘവും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

150 റണ്‍സെന്ന അത്ര കടുപ്പമല്ലാത്ത സ്കോര്‍ 18.5 ഓവറില്‍ മറികടന്ന് ഡല്‍ഹിയ്ക്ക് നാല് വിക്കറ്റ് ജയം. ടീമിനെ വിജയത്തിന് അടുത്തെത്തിച്ചുവെങ്കിലും മത്സരം ഫിനിഷ് ചെയ്യാനായില്ലെങ്കിലും നായകന്‍  ശ്രേയസ്സ് അയ്യര്‍ നേടിയ അര്‍ദ്ധ ശതകമാണ് ഡല്‍ഹിയുടെ വിജയത്തിനു പിന്നിലെ അടിത്തറ. ലക്ഷ്യത്തിനു അടുത്തെത്തിയപ്പോള്‍ കൂട്ടത്തോടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജയം ഉറപ്പാക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചു.

ആദ്യ ഓവറില്‍ തന്നെ ശിഖര്‍ ധവാനെ പൂജ്യത്തിനു നഷ്ടമായെങ്കിലും പിന്നീട് പൃഥ്വി ഷായ്ക്ക് കൂട്ടായി എത്തിയ ശ്രേയസ്സ് അയ്യര്‍ മെല്ലെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പൃഥ്വിയും അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തുവെങ്കിലും 28 റണ്‍സ് നേടിയ പൃഥ്വി ഷായെ പുറത്താക്കി പവന്‍ നേഗി ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി.

പകരം ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാമും യഥേഷ്ടം റണ്‍സ് കണ്ടെത്തിയെങ്കിലും തന്റെ വ്യക്തിഗത സ്കോര്‍ 22ല്‍ എത്തിയപ്പോള്‍ മോയിന്‍ അലി താരത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം നേടി ശ്രേയസ്സ് അയ്യര്‍ ടീമിനെ മുന്നോട്ട് നയിച്ചു. ഒപ്പമെത്തിയ ഋഷഭ് പന്തിനോടൊപ്പം 37 റണ്‍സാണ് താരം നാലാം വിക്കറ്റില്‍ നേടിയത്.

ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ശ്രേയസ്സ് അയ്യരെയും ക്രിസ് മോറിസിനെയും പുറത്താക്കി നവ്ദീപ് സൈനി ബാംഗ്ലൂരിനു വേണ്ടി ആശ്വാസ വിക്കറ്റുകള്‍ നേടിയെങ്കിലും ലക്ഷ്യം വെറും 5 റണ്‍സ് അകലെ മാത്രമായിരുന്നുവെന്നത് ബാംഗ്ലൂരിനു തിരിച്ചുവരവിനു അവസരമില്ലാതാക്കി. ഒടുവില്‍ ഏഴ് പന്ത് അവശേഷിക്കെ ബൗണ്ടറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് അക്സര്‍ പട്ടേലായിരുന്നു.

അയ്യര്‍ 67 റണ്‍സ് നേടി പുറത്തായപ്പോള്‍ പന്തിന്റെ സംഭാവന 18 റണ്‍സായിരുന്നു. 50 പന്തില്‍ നിന്ന് 8 ഫോറും 2 സിക്സും സഹിതമായിരുന്നു ശ്രേയസ്സ് അയ്യറുടെ തകര്‍പ്പന്‍ പ്രകടനം.