ജോഫ്രയുടെ പ്രഹരത്തിന് ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച് ഗബ്ബറും ക്യാപ്റ്റനും

Shreyas Iyer Shikhar Dhawan
- Advertisement -

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 161 റണ്‍സ്. ജോഫ്ര ആര്‍ച്ചര്‍ പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തകര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ സീനിയര്‍ താരം ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് മുന്നോട്ട് നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ അധികം നേടാനാകാതെ പോയതും ടീമിന് തിരിച്ചടിയായി. അവസാന നാലോവറില്‍ വെറും 29 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

Jofra Archer

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ പുറത്താക്കിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ രണ്ടാം ഓവറിനെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെയും പുറത്താക്കി. 2 റണ്‍സാണ് 9 പന്തുകള്‍ നേരിട്ട രഹാനെ നേടിയത്. 10 റണ്‍സിന് 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുമായിരുന്നു. അയ്യര്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ യഥേഷ്ടം ബൗണ്ടറികള്‍ നേടി സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവറില്‍ ഡല്‍ഹി 79 റണ്‍സാണ് നേടിയത്.

Shikhar Dhawan

30 പന്തില്‍ നിന്ന് ശിഖര്‍ തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഐപിഎലില്‍ തന്റെ 39ാമത്തെ അര്‍ദ്ധ ശതകമാണ് ശിഖര്‍ ധവാന്‍ നേടിയത്. 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ 12ാം ഓവറില്‍ ശ്രേയസ്സ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഡല്‍ഹിയുടെ 85 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അവസാനമായി.

Shreyas Iyer

ജയ്ദേവ് ഉന‍ഡ്കടിനെ 14ാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തി 40 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ശ്രേയസ്സ് അയ്യരും തികയ്ക്കുകയായിരുന്നു.15 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 129 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. എന്നാല്‍ ധവാനെ പോലെ തന്നെ അയ്യരും തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ പുറത്താകുകയായിരുന്നു. 43 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗിയാണ് നേടിയത്.

അയ്യരും പുറത്തായതോടെ അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കുവാനുള്ള ചുമതല മാര്‍ക്കസ് സ്റ്റോയിനിസും അലെക്സ് കാറെയിലുമാണ് വന്നെത്തിയത്. എന്നാല്‍ കാര്‍ത്തിക് ത്യാഗി, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ എറിഞ്ഞ 18, 19 ഓവറില്‍ വെറും 5 വീതം റണ്‍സ് മാത്രമാണ് ഡല്‍ഹിയ്ക്ക് നേടാനായത്.

Rajasthan Royals

ജോഫ്ര തന്റെ സ്പെല്ലിലെ അവസാന പന്തില്‍ 18 റണ്‍സ് നേടിയ സ്റ്റോയിനിസിനെ പുറത്താക്കിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിയ്ക്ക് വെറും 8 റണ്‍സാണ് നേടാനായത്. താരം കാറെയുടെ(14)യും അക്സര്‍ പട്ടേലിന്റെയും വിക്കറ്റുകള്‍ ആ ഓവറില്‍ നേടി. അക്സര്‍ 4 പന്തില്‍ 7 റണ്‍സ് നേടി.

ജോഫ്ര ആര്‍ച്ചര്‍ തന്റെ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ഉനഡ്കടിന് രണ്ട് വിക്കറ്റ് ലഭിച്ചു. കാര്‍ത്തിക് ത്യാഗിയും ശ്രേയസ്സ് ഗോപാലും ഓരോ വിക്കറ്റ് വീതം നേടി.

Advertisement