ശ്രദ്ധേയമായ പ്രകടനവുമായി കോളിന്‍ ഇന്‍ഗ്രാമും ശിഖര്‍ ധവാനും, കത്തിക്കയറി ഋഷഭ് പന്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗും ടി20 സ്പെഷ്യലിസ്റ്റായ കോളിന്‍ ഇന്‍ഗ്രാമിനൊപ്പം ശിഖര്‍ ധവാനും തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 213 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ പേര് മാറ്റി അടിമുടി മാറിയെത്തിയ ഡല്‍ഹിയ്ക്ക തുടക്കം പാളിയെങ്കിലും ധവാന്‍-ഇന്‍ഗ്രാം കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

32 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് ഇന്‍ഗ്രാം പുറത്തായത്. വിവിധ ടി20 ലീഗുകളില്‍ തന്റെ കളി കൊണ്ട് മുദ്ര പതിപ്പിച്ച താരമാണ് ഇന്‍ഗ്രാം. ശ്രേയസ്സ് അയ്യര്‍ മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ചുവെങ്കിലും 16 റണ്‍സ് നേടി മക്ലെനാഗനു വിക്കറ്റ് നല്‍കി മടങ്ങി. നേരത്തെ പൃഥ്വി ഷായെ(7) പുറത്താക്കിയതും മക്ലെനാഗനായിരുന്നു. കോളിന്‍ ഇന്‍ഗ്രാമിന്റെ വിക്കറ്റ് ബെന്‍ കട്ടിംഗ് ആണ് സ്വന്തമാക്കിയത്.

മൂന്നാം വിക്കറ്റ് വീണ ശേഷം ശിഖര്‍ ധവാന്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ‍ഡല്‍ഹിയെ മുന്നോട്ട് നയിക്കേണ്ടിയിരുന്നതെങ്കിലും ധവാന്‍ 36 പന്തില്‍ 43 റണ്‍സ് നേടി മടങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. ധവാന്‍ പുറത്താകുമ്പോള്‍ 15.1 ഓവറില്‍ 131/4 എന്ന നിലയിലായിരുന്ന ഡല്‍ഹി അടുത്ത 29 പന്തില്‍ നിന്ന് നേടിയത് 82 റണ്‍സാണ്.

27 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ പന്ത് ഏഴ് വീതം സിക്സും ഫോറുമാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് താരം സ്കോര്‍ 200 കടത്തുകയായിരുന്നു. 16 പന്തില്‍ 48 റണ്‍സാണ് താരം ഏഴാം വിക്കറ്റില്‍ രാഹുല്‍ തെവാത്തിയയെ കൂട്ടുപിടിച്ച് നേടിയത്.