നിര്‍ണ്ണായകമായ ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് ഷമി, അവസാന ഓവറില്‍ 24 റണ്‍സ് വിട്ട് കൊടുത്തതും ഷമി

Shami
- Advertisement -

ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റങ്ങള്‍ വരുത്തി നടത്തിയ പരീക്ഷണം വിജയിക്കാതെ വന്നപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 171 റണ്‍സ്. ക്രിസ് മോറിസ് അവസാന ഓവറുകളില്‍ നടത്തിയ പ്രകടനമാണ് ഈ സ്കോറിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എത്തിച്ചത്.

രണ്ടാം വിക്കറ്റ് വീണപ്പോള്‍ എബി ഡി വില്ലിയേഴ്സിന് പകരം ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ വാഷിംഗ്ടണ്‍ സുന്ദറിനെയും ശിവം ഡുബേയെയും രംഗത്തിറക്കിയ ആര്‍സിബിയുടെ പരീക്ഷണം വിജയം കണ്ടില്ല. എബിഡിയും കോഹ്‍ലിയും ഷമിയുടെ ഒരേ ഓവറില്‍ പുറത്താകുക കൂടി ചെയ്തുവെങ്കിലും അവസാന രണ്ടോവറില്‍ നിന്ന് 34 റണ്‍സ് നേടിയ ക്രിസ് മോറിസ് – ഇസ്രു ഉഡാന കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് ആശ്വാസമായ പ്രകടനം പുറത്തെടുത്തത്. ഉഡാന 5 ബോളില്‍ 10 റണ്‍സ് നേടിയപ്പോള്‍ 8 പന്തില്‍ 25 റണ്‍സ് നേടിയ ക്രിസ് മോറിസിന്റെ പ്രകടനം ഏറെ നിര്‍ണ്ണായകമായി.

Chrismorrisisuruudana

പതിവ് പോലെ തന്നെ മികച്ച തുടക്കമാണ് റോയല്‍ ചലഞ്ചേഴ്സ് ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത്. 4.1 ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ(18) നഷ്ടമാകുമ്പോള്‍ ടീം 38 റണ്‍സാണ് നേടിയത്. പിന്നീട് ഫിഞ്ചും കോഹ്‍ലിയും ചേര്‍ന്ന് 24 റണ്‍സ് കൂടി നേടിയെങ്കിലും 20 റണ്‍സ് നേടിയ ഫിഞ്ചിനെ മുരുഗന്‍ അശ്വിന്‍ പുറത്താക്കി. പവര്‍പ്ലേ കഴിഞ്ഞ് ഉടനെയാണ് ബാംഗ്ലൂരിന് ഫിഞ്ചിനെ നഷ്ടമായത്.

ഫിഞ്ച് പുറത്തായപ്പോള്‍ എബിഡിയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയാണ് ബാംഗ്ലൂര്‍ കളത്തിലിറക്കിയത്. പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. എന്നാല്‍ അടുത്ത ഓവറില്‍ 13 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്താക്കി മുരുഗന്‍ അശ്വിന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി.

Muruganashwin

എന്നാല്‍ എബി ഡി വില്ലിയേഴ്സിനെ പ്രതീക്ഷിച്ച ആരാധകര്‍ക്ക് ശിവം ഡുബേയെ ബാംഗ്ലൂര്‍ ബാറ്റിംഗിനിറക്കുന്നതാണ് കണ്ടത്. ഡുബേയ്ക്ക് ആദ്യം റണ്‍സ് കണ്ടെത്തുവാനായില്ലെങ്കിലും ടൈംഔട്ടിന് ശേഷം രവി ബിഷ്ണോയിയെ രണ്ട് സിക്സര്‍ പറത്തി ഡുബേ കാര്യങ്ങള്‍ മെച്ചപ്പെടുത്തുകയായിരുന്നു.  ഓവറില്‍ നിന്ന് 19 റണ്‍സാണ് പിറന്നത്.

Viratkohli

15 ഓവറില്‍ നിന്ന് 122 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് നേടിയത്. തൊട്ടടുത്ത ഓവറില്‍ 19 റണ്‍സ് നേടിയ ശിവം ഡുബേയെ ക്രിസ് ജോര്‍ദ്ദന്‍ പുറത്താക്കി. കെഎല്‍ രാഹുല്‍ ആണ് ക്യാച്ച് പൂര്‍ത്തിയാക്കിയത്. 5 പന്തുകള്‍ നേരിട്ട എബിഡയെ(2) എളുപ്പത്തില്‍ പുറത്താക്കി മുഹമ്മദ് ഷമി കിംഗ്സ് ഇലവന്‍ പഞ്ചാബിന് നിര്‍ണ്ണായക വിക്കറ്റ് നേടിക്കൊടുത്തു.അതെ ഓവറില്‍ തന്നെ വിരാട് കോഹ്‍ലിയെയും മുഹമ്മദ് ഷമി പുറത്താക്കി.

ഷമി എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 24 റണ്‍സാണ് മോറിസും ഉഡാനയും ചേര്‍ന്ന് നേടിയത്. ഏഴാം വിക്കറ്റില്‍ 13 പന്തില്‍ 35 റണ്‍സ് നേടിയാണ് 171/6 എന്ന സ്കോറിലേക്ക് ഇവര്‍ ബാംഗ്ലൂരിനെ നയിച്ചത്.

Advertisement