രാഹുല്‍ തെവാത്തിയയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയതിന് കാരണം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

Rahultewatia
- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സഞ്ജു സ്പെഷ്യലിന് ശേഷം രാഹുല്‍ തെവാത്തിയയുടെ അവിശ്വസനീയ ഇന്നിംഗ്സിന്റെ ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 224 റണ്‍സെന്ന കൂറ്റന്‍ കടമ്പ ഇന്നലെ കടക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ തെവാത്തിയയുടെ തുടക്കം വളരെ മോശമായിരുന്നുവെങ്കിലും ഷെല്‍ഡണ്‍ കോട്രെല്ലിന്റെ ഒരോവറില്‍ അഞ്ച് സിക്സ് പറത്തിയ താരം മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. തെവാത്തിയയെ നേരത്തെ ഇറക്കിയ നീക്കം പാളിയെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്നാണ് ഏവരുടെയും വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി താരം ഹീറോയി മാറിയത്.

താരത്തെ നേരത്തെ ഇറക്കിയതിന്റെ കാരണം സഞ്ജു പിന്നീട് വിശദീകരിച്ചു. ലെഗ് സ്പിന്നറായാണ് ടീമില്‍ താരത്തെ എടുത്തതെങ്കിലും ടീമില്‍ നടത്തിയ ഒരു മത്സരത്തിലെ പ്രകടനമാണ് കാര്യങ്ങള്‍ തെവാത്തിയയ്ക്ക് അനുകൂലമാക്കിയതെന്ന് സഞ്ജു പറഞ്ഞു. ആറ് പന്തില്‍ ഏറ്റവും അധികം സിക്സ് ആരടിക്കും എന്നതായിരുന്നു രാജസ്ഥാന്‍ ക്യാമ്പിലെ മത്സരം.

അന്നും നാലോ അഞ്ചോ സിക്സ് തെവാത്തിയ അടിച്ചുവെന്നും അതിന് ശേഷമാണ് താരത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് ഇറക്കുവാന്‍ രാജസ്ഥാന്‍ റോയല്‍സ് കോച്ചും ടീം മാനേജ്മെന്റും സുബിന്‍ ബറൂച്ചിയയും തീരുമാനിച്ചതെന്നും സഞ്ജു ഐപിഎലിന് നല്‍കിയ വീഡിയോയില്‍ വിശദീകരിച്ചു.

സഞ്ജു ഇതെല്ലാം പറയുമ്പോളും അടുത്ത് ചെറു പുഞ്ചിരിയുമായി നില്‍ക്കുന്ന ഇന്നലത്തെ ഹീറോയായ രാഹുലിനെയും വീഡിയോയില്‍ കാണാം.

Advertisement