ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണും ഇന്ത്യയുടെ അടുത്ത വലിയ താരമാകും: വോണ്‍

- Advertisement -

ഋഷഭ് പന്തിനോടൊപ്പം സഞ്ജു സാംസണും ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്സ്മാനായി മാറുമെന്ന് അറിയിച്ച് ഷെയിന്‍ വോണ്‍. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ സന്ദേശത്തിലാണ് വോണ്‍ സഞ്ജുവിനെയും രാജസ്ഥാനിലെ മറ്റു താരങ്ങളെയും കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്. മറ്റു വിദേശ താരങ്ങള്‍ക്കൊപ്പം പേരെടുത്ത് പരമാര്‍ശിച്ച ഏക രാജസ്ഥാന്‍ റോയല്‍സിലെ ഇന്ത്യന്‍ താരമാണ് സഞ്ജു.

സഞ്ജുവും ഋഷഭ് പന്തും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സൂപ്പര്‍ താരങ്ങളാവുമെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. ജോസ് ബട്‍ലറുടെ ഫോമിനെ കുറിച്ച് പറഞ്ഞ വോണ്‍ ജോ റൂട്ട് താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റുള്‍പ്പെടെ ഏത് ഫോര്‍മാറ്റിലും കളിക്കുവാന്‍ ശേഷിയുള്ള താരമാണ് ബട്‍ലര്‍ എന്നും ഇംഗ്ലണ്ട് താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും വോണ്‍ പറഞ്ഞു.

ബെന്‍ സ്റ്റോക്സിന്റെ പരിശീലന മുറകളെ പ്രകീര്‍ത്തിച്ച വോണ്‍ താരം ഉടനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തന്റെ പഴയ പ്രതാപത്തില്‍ തിരിച്ചെത്തുമെന്നും വോണ്‍ പ്രതീക്ഷ പുലര്‍ത്തി. ഡാര്‍സി ഷോര്‍ട്ട് ഓസ്ട്രേലിയയുടെ മികച്ചൊരു ഓള്‍റൗണ്ടറായി മാറുമെന്നും തന്റെ ബൗളിംഗ് കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുെമന്നും വോണ്‍ അറിയിച്ചു.

രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് കുന്തമുന ജോഫ്ര ആര്‍ച്ചര്‍ ഇനി ലോകം പേടിക്കുന്ന ഏറ്റവും മികച്ച പേസ് ബൗളര്‍ ആവുമെന്നും പറഞ്ഞാണ് വോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം സന്ദേശം അവസാനിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement