വാട്സണ്‍ വെടിക്കെട്ടിനു ശേഷം സാം ബില്ലിംഗ്സ് മികവില്‍ ചെന്നൈയ്ക്ക് ജയം

അവസാന ഓവര്‍ വരെ ആവേശം നിലകൊണ്ട മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സിനു ആവേശകരമായ ജയം. വിനയ് കുമാര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നോബോള്‍ ആയപ്പോള്‍ ബ്രാവോ സിക്സര്‍ പറത്തി ചെന്നൈയെ വിജയത്തിലേക്ക് അടുത്തെത്തിക്കുകയായിരുന്നു. ഒരു പന്ത് ശേഷിക്കെ ജഡേജ സിക്സര്‍ പറത്തി ടീമിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. 1065 ദിവസങ്ങള്‍ക്ക് ശേഷം ചെപ്പോക്കിലേക്കുള്ള മടങ്ങിവരവില്‍ ചെന്നൈ ആരാധകര്‍ പ്രതീക്ഷിച്ച വിജയമാണ് രണ്ടാം മത്സരത്തിലും അവസാന നിമിഷം ടീം പിടിച്ചെടുത്തത്.

അവസാന ഓവറില്‍ വിജയം നേടുവാന്‍ ബ്രാവോയും രവീന്ദ്ര ജഡേജയുമാണ് കാരണക്കാരായതെങ്കിലും കൊല്‍ക്കത്തയുടെ 202 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ മറികടക്കുവാന്‍ ടീമിനെ സഹായിച്ചതില്‍ ടോപ് ഓര്‍ഡറില്‍ ഷെയിന്‍ വാട്സണിന്റെയും (19 പന്തില്‍ 42 റണ്‍സ്, മൂന്ന് വീതം സിക്സും ബൗണ്ടറിയും) അമ്പാട്ടി റായിഡുവും(39) നല്‍കിയ തുടക്കവും ടീമിനെ അവസാന ഓവറിനു തൊട്ട് മുമ്പ് വരെ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് ഒറ്റയ്ക്ക് തോളിലേറ്റിയ സാം ബില്ലിംഗ്സ് എന്നിവരുടെ പ്രകടനങ്ങളാണ് എടുത്ത് പറയേണ്ടത്.

ഷെയിന്‍ വാട്സണും അമ്പാട്ടി റായിഡുവും നല്‍കിയ വെടിക്കെട്ട് തുടക്കത്തിനു ശേഷം മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ പിടിമുറുക്കിയെങ്കിലും സാം ബില്ലിംഗ്സിന്റെ വരവോടെ കളി മാറി മറിയുകയായിരുന്നു. അവസാന നാലോവറില്‍ 51 റണ്‍സ് എന്ന നിലയിലേക്ക് ലക്ഷ്യം ബില്ലിംഗ്സും ധോണിയും എത്തിച്ചുവെങ്കിലും പിയൂഷ് ചൗള ധോണിയെ പുറത്താക്കി തന്റെ ആദ്യ വിക്കറ്റ് നേടി. 25 റണ്‍സാണ് ധോണി നേടിയത്.

ധോണി പുറത്തായ ശേഷവും മികച്ച ബാറ്റിംഗ് തുടര്‍ന്ന ബില്ലിംഗ്സ് 21 പന്തില്‍ തന്റെ 50 റണ്‍സ് തികച്ചു. ലക്ഷ്യം 2 ഓവറില്‍ 27 ആക്കുവാനും താരത്തിന്റെ ബാറ്റിംഗ് മികവ് ചെന്നൈയെ സഹായിച്ചു. ടോം കുറന്‍ എറിഞ്ഞ 19ാം ഓവറില്‍ 23 പന്തില്‍ 56 റണ്‍സ് നേടി സാം ബില്ലിംഗ്സ് പുറത്താകുമ്പോള്‍ ചെന്നൈയ്ക്ക് വിജയിക്കുവാന്‍ 8 പന്തില്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 10 റണ്‍സ് മാത്രം വിട്ടു നല്‍കിയ കുറന്റെ മികച്ച ഓവറിനു ശേഷം ചെന്നൈയ്ക്ക് വിജയിക്കുവാന്‍ 17 റണ്‍സാണ് അവസാന ഓവറില്‍ വേണ്ടിയിരുന്നത്.

അവസാന ഓവറില്‍ ബ്രാവോയും ജഡേജയും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് ഒരു പന്ത് ശേഷിക്കെ നയിക്കുകയായിരുന്നു. ആദ്യ പന്ത് തന്നെ നോബോള്‍ എറിഞ്ഞ് വിനയ് കുമാര്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു.

സുനില്‍ നരൈന്റെ ബൗളിംഗ് പ്രകടനമാണ് കൊല്‍ക്കത്ത നിരയില്‍ വേറിട്ട് നിന്നത്. തന്റെ നാലോവറില്‍ 17 റണ്‍സ് മാത്രമാണ് നരൈന്‍ വഴങ്ങിയത്. ഒരു വിക്കറ്റും നരൈന്‍ നേടി. ടോം കുറന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 202/6 എന്ന സ്കോര്‍  നേടുകയായിരുന്നു. 88 റണ്‍സ് നേടി പുറത്താകാതെ നിന്ന ആന്‍ഡ്രേ റസ്സലായിരുന്നു കൊല്‍ക്കത്ത നിരയില്‍ കൊടുങ്കാറ്റായി മാറിയത്. 36 പന്തില്‍ താരം 11 സിക്സുകളോടെ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫസ്റ്റ് ക്ലാസ് കരിയറിനു വിരാമം കുറിച്ച് ബെന്‍ കട്ടിംഗ്
Next articleഏഷ്യ കപ്പ് വേദി ഇന്ത്യയല്ല, ടൂര്‍ണ്ണമെന്റ് യുഎഇയില്‍