വീണ്ടും റസ്സല്‍ വെടിക്കെട്ട്, അര്‍ദ്ധ ശതകം നേടി നിതീഷ് റാണ

ഈഡന്‍ ഗാര്‍ഡന്‍സില്‍ സിക്സര്‍ പെരുമഴ തീര്‍ത്ത് കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിര. 15 സിക്സുകളാണ് ഇന്നിംഗ്സില്‍ കൊല്‍ക്കത്തന്‍ താരങ്ങള്‍ അടിച്ചെടുത്തത്. ടോസ് നേടിയ ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കൃത്യതയോടെയുള്ള തുടക്കമാണ് ഡല്‍ഹി ബൗളര്‍മാര്‍ നല്‍കിയത്. ആദ്യ ഓവര്‍ മെയിഡന്‍ എറിഞ്ഞ ട്രെന്റ് ബൗള്‍ട്ട് തന്റെ രണ്ടാം ഓവറില്‍ സുനില്‍ നരൈനെ പുറത്താക്കി. റോബിന്‍ ഉത്തപ്പ അതിവേഗം സ്കോറിംഗ് നടത്തിയെങ്കിലും ക്രിസ് ലിന്‍ ഡല്‍ഹി ബൗളര്‍മാരെ നേരിടുന്നതില്‍ ബുദ്ധിമുട്ടി.

19 പന്തില്‍ 35 റണ‍്‍സ് നേടി റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം ലിന്നും അധികം വൈകാതെ മടങ്ങി. 31 റണ്‍സാണ് ലിന്‍ നേടിയത്. നിതീഷ് റാണ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്(19) പുറത്തായ ശേഷമെത്തിയ ആന്‍ഡ്രേ റസ്സലാണ് മത്സരഗതി പാടെ മാറ്റിയത്. റസ്സലിന്റെ പ്രഹരശേഷി കൂടുതലായി അനുഭവപ്പെട്ടത് മുഹമ്മദ് ഷമിയ്ക്കായിരുന്നു. ഷമിയെ മാത്രം 6 സിക്സാണ് റസ്സല്‍ അടിച്ചത്.

നിതീഷ് റാണ 59 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സല്‍ 12 പന്തില്‍ നിന്ന് 41 റണ്‍സ് നേടി പുറത്തായി. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 200 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തി രാഹുല്‍ തെവാത്തിയയാണ് 200 കടക്കുവാനുള്ള കൊല്‍ക്കത്തയുടെ ശ്രമങ്ങളെ തടഞ്ഞത്.

സിക്സടിയില്‍ റസ്സല്‍ 6 എണ്ണവുമായി മുന്നിട്ട് നിന്നപ്പോള്‍ നിതീഷ് റാണ നാലും റോബിന്‍ ഉത്തപ്പ മൂന്നും സിക്സും അടിച്ചു. ഓരോ സിക്സ് വീതം നേടി ക്രിസ് ലിന്നും ദിനേശ് കാര്‍ത്തിക്കും ഒപ്പം കൂടി.

ഡല്‍ഹിയ്ക്കായി ട്രെന്റ് ബൗള്‍ട്ട് തന്റെ ആദ്യ സ്പെല്ലില്‍ 3 ഓവറില്‍ 18 റണ്‍സ് മാത്രം നല്‍കിയപ്പോള്‍ തന്റെ അവസാന ഓവറില്‍ റസ്സലിനെയും പുറത്താക്കി ട്രെന്റ് ബൗള്‍ട്ട് തന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയാണ് ഡല്‍ഹി നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്. ക്രിസ് മോറിസ്(2), രാഹുല്‍ തെവാത്തിയ(3), മുഹമ്മദ് ഷമി, ഷഹ്ബാസ് നദീം എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ച മറ്റു താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജർമ്മൻ ടീമുകളില്ലാത്ത യൂറോപ്പ ലീഗ് സെമി
Next articleകന്നി ഐപിഎല്‍ വിക്കറ്റായി ഗൗതം ഗംഭീറിനെ സ്വന്തമാക്കി ശിവം മാവി