
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. റോബിന് ഉത്തപ്പ ടോപ് ഓര്‍ഡറിലും ലോവര്‍ ഓര്‍ഡറില്‍ ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ടും പലപ്പോഴും ചെന്നൈ കാണികളെ നിശബ്ദരാക്കിയ മത്സരത്തില്‍ ഇരു ടീമുകളും ഇന്നിംഗ്സിന്റെ പല ഘട്ടങ്ങളിലും മേല്‍ക്കൈ നേടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവറില്‍ കൊല്‍ക്കത്ത 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്.
ദീപക് ചഹാറിനെ ആദ്യ ഓവറില്‍ തന്നെ 18 റണ്‍സിനു പായിച്ച് മികച്ച തുടക്കം കുറിച്ച കൊല്‍ക്കത്തയ്ക്ക് എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സുനില്‍ നരൈനേ നഷ്ടമായി. 4 പന്തില്‍ 12 റണ്‍സ് നേടി നരൈന് പുറത്തായ ശേഷം 5.2 ഓവറില്‍ സ്കോര്‍ 51 നില്‍ക്കെ ലിന്(22) പുറത്തായി.
നിതീഷ് റാണ(16) നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായപ്പോള്‍ കാര്‍ത്തിക്കും ഉത്തപ്പയും തമ്മിലുള്ള തെറ്റിദ്ധാരണ ഉത്തപ്പയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 16 പന്തില്‍ 29 റണ്‍സ് നേടിയ ഉത്തപ്പ മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും നേടി റണ്‍ഔട്ട് ആവുകയായിരുന്നു. റിങ്കു സിംഗ് സ്കോറര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ പുറത്തായപ്പോള്‍ കൊല്‍ക്കത്ത 10 ഓവറില്‍ 89/5 എന്ന നിലയിലായിരുന്നു.
പിന്നീട് നായകന് ദിനേശ് കാര്ത്തിക്കിനൊപ്പമെത്തിയ ആന്‍ഡ്രേ റസ്സല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ 76 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. ഇതില്‍ തന്നെ ദിനേശ് കാര്‍ത്തിക് പലപ്പോഴും കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക് 26 റണ്‍സ് നേടി വാട്സണിനു വിക്കറ്റ് നല്കി മടങ്ങി.
26 പന്തില്‍ നിന്നാണ് റസ്സല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. 36 പന്തില്‍ നിന്ന് 88 റണ്‍സാണ് പുറത്താകാതെ ആന്‍ഡ്രേ റസ്സല്‍ നേടിയത്. ഡ്വെയിന്‍ ബ്രാവോയുടെ രണ്ടോവറിലായി ആറ് സിക്സാണ് കരീബിയന്‍ സൂപ്പര്‍ സ്റ്റാര്‍ അടിച്ചു കൂട്ടിയത്. ബ്രാവോ മൂന്നോവറില്‍ 50 റണ്‍സാണ് വഴങ്ങിയത്. 11 സിക്സുകള്‍ അടങ്ങിയതായിരുന്നു റസ്സലിന്റെ ഇന്നിംഗ്സ്.
അവസാന പത്തോവറില്‍ 113 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചു കൂട്ടിയത്. അതില്‍ 88 റണ്‍സ് റസ്സലിന്റെ സംഭാവനയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ഷെയിന്‍ വാട്സണ് രണ്ട് വിക്കറ്റ് നേടി. ഹര്ഭജന് സിംഗ്, ശര്‍ദ്ധുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial