യുഎഇയിലെ മലയാളിത്തിളക്കം തുടരുന്നു, ദേവ്ദത്തിന് ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആരോണ്‍ ഫിഞ്ച് നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം ദേവ്ദത്ത് പടിക്കലും തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 201 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ്‍ലി പരാജയപ്പെട്ടുവെങ്കിലും ഓപ്പണര്‍മാരുടെ അര്‍ദ്ധ ശതകത്തിന്റെയും എബിഡിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തിലാണ് ആര്‍സിബിയുടെ ബാറ്റിംഗ് മികവ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എബിഡിയും തന്റെ അര്‍ദ്ധ ശതകം തികച്ച മുംബൈയ്ക്ക് മുന്നില്‍ വലിയ ലക്ഷ്യം വയ്ക്കുകയായിരുന്നു.

ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ ടീമിനെ 59/0 എന്ന നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. തുടര്‍ന്നും മികച്ച രീതിയില്‍ ബാറ്റിംഗുമായി മുന്നോട്ട് പോയ കൂട്ടുകെട്ട് 81 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 32 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ആരോണ്‍ ഫിഞ്ച് രണ്ട് റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഔട്ട് ആകുകയായിരുന്നു.

Aaronfinch

ഫിഞ്ച് പുറത്താകുമ്പോള്‍ 9 ഓവറില്‍ നിന്ന് 81 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. ഫിഞ്ച് പോയ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അടുത്ത മൂന്നോവറില്‍ വെറും 10 റണ്‍സാണ് ടീം നേടിയത്. സമ്മര്‍ദ്ദം അധികമായപ്പോള്‍ കോഹ‍്‍ലിയും തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ ആര്‍സിബിയുടെ കാര്യങ്ങള്‍ അവതാളത്തിലായി. രാഹുല്‍ ചഹാര്‍ ആണ് ആര്‍സിബി നായകന്റെ വിക്കറ്റ് നേടിയത്.

14ാം ഓവറില്‍ ജെയിംസ് പാറ്റിന്‍സണേ രണ്ട് സിക്സര്‍ പറത്തി യുവതാരം ദേവ്ദത്ത് പടിക്കല്‍ ഏറെ നേരത്തിന് ശേഷം ആര്‍സിബിയുടെ ഇന്നിംഗ്സിന് വേഗത നല്‍കുകായയിരുന്നു. ഓവറില്‍ നിന്ന് 14 റണ്‍സാണ് ആര്‍സിബി നേടിയത്. അടുത്ത ഓവറെറിഞ്ഞ ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിംഗിലും ഓരോ ബൗണ്ടറി ദേവ്ദത്തും എബി ഡി വില്ലിയേഴ്സും നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് തങ്ങളുടെ റണ്‍റേറ്റ് വീണ്ടും ഉയര്‍ത്തുവാന്‍ സാധിച്ചു.

15 ഓവറുകള്‍ പിന്നിടുമ്പോള്‍ ആര്‍സിബി 123/2 എന്ന നിലയിലായിരുന്നു. ഇതില്‍ തന്നെ അവസാന രണ്ടോവറില്‍ നിന്ന് നേടിയ 27 റണ്‍സാണ് ടീമിന്റെ തുണയ്ക്കെത്തിയത്. 37 പന്തില്‍ നിന്ന് ദേവ്ദത്ത് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ടൈം ഔട്ടിന് തൊട്ടുമുമ്പുള്ള മൂന്ന് ഓവറില്‍ നിന്ന് 40 റണ്‍സ് നേടി ആര്‍സിബി മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ടൈം ഔട്ടിന് ശേഷം ജസ്പ്രീത് ബുംറയെയും ഇരുവരും ചേര്‍ന്ന് കണക്കറ്റ് പ്രഹരമേല്പിച്ചപ്പോള്‍ ബുംറ എറിഞ്ഞ 17ാം ഓവറില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് 18 റണ്‍സ് നേടി. എന്നാല്‍ അടുത്ത ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ദേവ്ദത്തിനെ മടക്കി. 40 പന്തില്‍ നിന്ന് 54 റണ്‍സാണ് ദേവ്ദത്ത് നേടിയത്. 5 ഫോറും 2 സിക്സുമാണ് താരം നേടിയത്.

Devdutt

മൂന്നാം വിക്കറ്റില്‍ ദേവ്ദത്തും എബിഡിയും ചേര്‍ന്ന് 62 റണ്‍സാണ് നേടിയത്. തന്റെ അവസാന ഓവര്‍ എറിയുവാനെത്തിയ ബുംറയെ രണ്ട് ഫോറിനും ഒരു സിക്സിനും പറത്തി എബി ഡി വില്ലിയേഴ്സ് 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു.  ബുംറ തന്റെ നാലോവറില്‍ 42 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചില്ല.

അവസാന ഓവറില്‍ ശിബം ഡുബേയും സിക്സറുകള്‍ നേടിയപ്പോള്‍ ജെയിംസ് പാറ്റിന്‍സണ്‍ എറിഞ്ഞ ഓവറില്‍ നിന്ന് 20 റണ്‍സ് പിറന്നു. 201 റണ്‍സാണ് ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. നാലാം വിക്കറ്റില്‍ 17 പന്തില്‍ നിന്ന് എബിഡി-ഡുബേ കൂട്ടുകെട്ട് 47 റണ്‍സ് നേടി.

Abd

എബിഡി 24 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയപ്പോള്‍ ശിവം ഡുബേ 10 പന്തില്‍ നിന്ന് 27 റണ്‍സ് നേടി.