ഒടുവില്‍ ആര്‍സിബി ജയിച്ചു, വിജയമുറപ്പാക്കി കോഹ്‍ലി-ഡി വില്ലിയേഴ്സ്, നിര്‍ണ്ണായക പ്രകടനവുമായി സ്റ്റോയിനിസ്

- Advertisement -

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂിനെ വിജയത്തിലേക്ക് നയിച്ച് വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സ്. ആറ് തോല്‍വികള്‍ക്ക് ശേഷം ടീമിന്റെ സീസണിലെ ആദ്യ വിജയമാണിത്. കോഹ്‍ലി 67 റണ്‍സ് നേടി പുറത്തായെങ്കിലും എബിഡി മാര്‍ക്കസ് സ്റ്റോയിനിസുമായി ചേര്‍ന്ന് മത്സരം ബാംഗ്ലൂരിനു അനുകൂലമാക്കി മാറ്റുകയായിരുന്നു. 4 പന്ത് അവശേഷിക്കെയാണ് ടീമിന്റെ 8 വിക്കറ്റ് ജയം.

ക്രിസ് ഗെയില്‍ 99 റണ്‍സ് നേടിയെങ്കിലും ബൗളിംഗില്‍ അവസാനം തിരിച്ചുവരവ് നടത്തിയ റോയല്‍ ചലഞ്ചേഴ്സ് മത്സരത്തില്‍ 173 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. പാര്‍ത്ഥിവ് പട്ടേല്‍ പതിവു പോലെ അടിച്ചു തകര്‍ത്ത് തുടങ്ങിയെങ്കിലും 9 പന്തില്‍ 19 റണ്‍സ് നേടി താരം പുത്തായി.

പിന്നീട് രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ കോഹ്‍ലി-എബിഡി കൂട്ടുകെട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പതിയെ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മോശം ഫീല്‍ഡിംഗ് കൂടിയായപ്പോള്‍ കാര്യങ്ങള്‍ റോയ്ല‍സിനു എളുപ്പമായി. മത്സരം അവസാന അഞ്ചോവറിലേക്ക് എത്തിയപ്പോള്‍ 48 റണ്‍സായിരുന്നു 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്.

എന്നാല്‍ മുഹമ്മദ് ഷമി എറിഞ്ഞ 16ാം ഓവറില്‍ വിരാട് കോഹ്‍ലിയെ മുരുഗന്‍ അശ്വിന്‍ പിടിച്ച് പുറത്തായപ്പോള്‍ മത്സരത്തില്‍ ആദ്യമായി പഞ്ചാബ് തങ്ങളുടെ സാധ്യതകള്‍ കണ്ടു. വിരാട് കോഹ്‍ലി 53 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയാണ് പുറത്തായത്. 85 റണ്‍സാണ് വിരാട് കോഹ്‍ലി-എബിഡി കൂട്ടുകെട്ട് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ അടുത്ത ഓവറും മികച്ച രീതിയില്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ അവസാന മൂന്നോവറിലെ ലക്ഷ്യം 38 ആയി മാറി.

18ാം ഓവറില്‍ ആന്‍ഡ്രൂ ടൈയുടെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി നേടിയ സ്റ്റോയിനിസ് മൂന്നാം പന്തില്‍ ഒരവസരം നല്‍കിയെങ്കിലും മുരുഗന്‍ അശ്വിന്‍ അത് കൈവിട്ടു. അടുത്ത പന്തില്‍ എബി ഡി സിക്സ് കൂടി നേടിയപ്പോള്‍ മത്സരം വീണ്ടും ആര്‍സിബി പക്ഷത്തേക്ക് തിരിഞ്ഞു. ഓവറില്‍ നിന്ന് 18 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് നേടിയത്. ഇതോടെ അവസാന രണ്ടോവറിലെ ലക്ഷ്യം വെറും 20 റണ്‍സായി ചുരുങ്ങി.

എബി ഡി വില്ലിയേഴ്സ് 38 പന്തില്‍ നിന്ന് 59 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 16 പന്തില്‍ 28 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 46 റണ്‍സാണ് എബിഡി-സ്റ്റോയിനിസ് കൂട്ടുകെട്ട് നേടിയത്.

Advertisement