സ്റ്റോക്സിനെ ലക്ഷ്യം വെച്ച് ആര്‍സിബിയും, കൊല്‍ക്കത്തയും

- Advertisement -

ഐപിഎല്‍ 2017 സീസണിലെ ഏറ്റവും വിലയേറിയ താരം ബെന്‍ സ്റ്റോക്സ് ആകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇനി അറിയേണ്ടത് ആരാകും ഈ താരത്തെ സ്വന്തമാക്കുക എന്നതാണ്. മുന്‍വിധികളൊന്നും തന്നെ ഇക്കാര്യത്തില്‍ സാധ്യമല്ലെങ്കിലും ഇന്നത്തെ സംഭവ വികാസത്തോടു കൂടി ആര്‍സിബിയ്ക്കാണ് ഫാന്‍പോര്‍ട്ട് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. പ്രബലരായ ബാറ്റ്സ്മാന്മാരടങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു എന്നും വിലങ്ങ് തടിയായിട്ടുള്ളത് അവരുടെ ബൗളിംഗ് നിര തന്നെയാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് കൂടി പിന്‍വാങ്ങിയതോടു കൂടി സ്ഥിതിഗതികള്‍ കൂടുതല്‍ പ്രയാസമാകുന്ന സ്ഥിതിയാണ് ബാംഗ്ലൂര്‍ ക്യാമ്പില്‍ സംജാതമായിരിക്കുന്നത്.

സ്റ്റാര്‍ക്കിന്റെ പിന്‍വാങ്ങല്‍ മാത്രമല്ല ബെന്‍ സ്റ്റോക്സിനു പിന്നാലെ പോകുവാന്‍ ആര്‍സിബിയെ പ്രേരിപ്പിക്കുന്നത്. ഷെയിന്‍ വാട്സണ്‍, ക്രിസ് ഗെയില്‍ എന്നിവരുടെ മോശം ഫോം ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കുമെന്നാണ് കോഹ്‍ലിയും സംഘവും കണക്കാക്കുന്നത്. 17.82 കോടിയാണ് നിലവില്‍ ആര്‍സിബിയുടെ കൈകളിലുള്ളത്

ആന്‍ഡ്രേ റസ്സലിനു പകരക്കാരനെ തപ്പുക എന്നതാണ് കൊല്‍ക്കത്തയെ സംബന്ധിച്ച് ഏറ്റവും പ്രയാസകരം.ബെന്‍ സ്റ്റോക്സില്‍ തന്നെയാവും അവരുടെ കണ്ണുകളും പതിയ്ക്കുക. ബാറ്റിംഗ് നിരയെയും ശക്തിപ്പെടുത്തുക എന്ന ദൗത്യമുള്ളതിനാല്‍ ബെന്‍ സ്റ്റോക്സിനു തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്. പഴ്സ് കാലിയാക്കാനായി മറ്റു ടീമുകളും ലേലത്തില്‍ പങ്കെടുത്താല്‍ ബെന്‍ സ്റ്റോക്സ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ വിലയേറിയ താരമാകുമെന്നതില്‍ അതിശയിക്കേണ്ടതില്ല.

Advertisement