യു.എ.ഇയിലെ ചൂടുമായി പൊരുത്തപ്പെടുക കടുത്ത വെല്ലുവിളിയാണെന്ന് ഡിവില്ലിയേഴ്സ്

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾക്ക് യു.എ.ഇയിലെ ചൂടുമായി പൊരുത്തപ്പെടുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ആർ.സി.ബി താരം എ.ബി ഡിവില്ലേഴ്‌സ്. കൂടുതൽ മത്സരങ്ങളും രാത്രിയാണ് നടക്കുന്നതെങ്കിലും ഇവിടെത്തെ ചൂടും ഹ്യൂമിഡിറ്റിയും താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ട്വിറ്റെർ അക്കൗണ്ടിൽ സംസാരിക്കുകയായിരുന്നു ഡിവില്ലിയേഴ്സ്.

ഇത്തരത്തിൽ ചൂടുള്ള സാഹചര്യത്തിൽ തനിക്ക് കളിച്ച് ശീലം ഇല്ലെന്നും പണ്ട് ചെന്നൈയിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചത് ഓർമ വരുന്നുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. തന്റെ ജീവിതത്തിൽ താൻ ഏറ്റവും അനുഭവിച്ച ഏറ്റവും വലിയ ചൂടുള്ള കാലാവസ്ഥ അതായിരുന്നെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. രാത്രി 10 മണിക്ക് പോലും ഇവിടെത്തെ കാലാവസ്ഥ ചൂടുള്ളതാണെന്നും എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൂട് കുറഞ്ഞ് വരുന്നുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

വലിയ കൂട്ടം കാണികളുടെ മുൻപിൽ കളിച്ചാണ് തനിക്ക് ശീലമെന്നും ബെംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികളുടെ ആർപ്പുവിളികൾ ആർ.സി.ബിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമാവാറുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. അത്കൊണ്ട് തന്നെ സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാത്തത് കനത്ത നഷ്ടമാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

Advertisement